പിറവം : എട്ടുകൊല്ലം മുൻപു നടന്ന മിഷേൽ ഷാജിയുടെ ദുരൂഹ മരണം സംബന്ധിച്ച കേസിന്റെ അന്വേഷണം സി.ബി.ഐ. ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മകളുടെ ഇരുപത്തിയാറാം പിറന്നാൾ ദിനത്തിൽ മാതാപിതാക്കളും സഹോദരനും മിഷേലിന്റെ കല്ലറയ്ക്കുമുന്നിൽ ഉപവസിച്ചു. എറണാകുളത്ത് സി.എ.യ്ക്ക് പഠിച്ചിരുന്ന മിഷേൽ ഷാജിയുടെ മരണം സംബന്ധിച്ച കേസന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് മാതാപിതാക്കളായ മുളക്കുളം വടക്കേക്കര എണ്ണായ്ക്കാപ്പിള്ളിൽ ഷാജി വർഗീസും അമ്മ സൈലമ്മയും സഹോദരൻ മൈക്കിൾ ഷാജി വർഗീസും ഉപവാസം നടത്തിയത്.
മുളക്കുളം കർമേൽക്കുന്ന് സെയ്ന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ കല്ലറയ്ക്കുമുന്നിലാണ് ഉപവസിച്ചത്. വികാരി ഫാ. മഹേഷ് തങ്കച്ചൻ കല്ലറയ്ക്കു മുന്നിൽ പ്രാർഥന നടത്തി. നഗരസഭാംഗം ജിൽസ് പെരിയപ്പുറം, ഫാ. ജോൺ എർണ്യാകുളം, പി. തോമസ് പുളിക്കീൽ എന്നിവർ പങ്കെടുത്തു. മിഷേലിന്റെ ദുരൂഹ മരണം സംബന്ധിച്ച് ഹൈക്കോടതി നിർദേശമനുസരിച്ച് നടന്ന അവസാന വട്ട അന്വേഷണത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടാകരുതെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ നേരത്തേ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. തുടർന്നാണ് ക്രൈംബ്രാഞ്ച് നേരത്തേ നടത്തിയ അന്വേഷണത്തിലെ വീഴ്ചകൾ പരിഹരിച്ച് അറുപത് ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞ സെപ്റ്റംബറിൽ കോടതി നിർദേശിച്ചത്.
ആ കാലാവധി അവസാനിച്ചപ്പോൾ വീണ്ടും ആറ് മാസം കൂടി അനുവദിക്കണമെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെട്ടുവെങ്കിലും കോടതി അംഗീകരിച്ചില്ല. ഫെബ്രുവരി 23-നകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മാതാപിതാക്കൾ തങ്ങളുടെ നിരന്തരമായ ആവശ്യം അംഗീകരിച്ചു കിട്ടുന്നതിനായി ഉപവസിച്ചത്. മുഖ്യമന്ത്രി ഇടപെട്ടാൽ കേസന്വേഷണം സി.ബി.ഐ. ഏറ്റെടുക്കുമെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്ന് ഷാജി വർഗീസ് പറഞ്ഞു.
എറണാകുളത്ത് സി.എ.യ്ക്ക് പഠിക്കുകയായിരുന്ന മിഷേലി (18) നെ 2017 മാർച്ച് അഞ്ചിനാണ് കലൂർ പള്ളി പരിസരത്തുനിന്ന് കാണാതായത്. പിന്നീട് ഐലൻഡ് വാർഫിൽനിന്നാണ് മിഷേലിന്റെ മൃതദേഹം കണ്ടുകിട്ടിയത്. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ച് പോലീസും കേസ് അന്വേഷിച്ചെങ്കിലും മിഷേൽ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു അവരുടെ കണ്ടെത്തൽ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group