നെയ്യാറ്റിൻകര : വിധി കേൾക്കാനായി ഷാരോൺ വധക്കേസിലെ പ്രതികളായ ഗ്രീഷ്മയും അമ്മയും അമ്മാവനും കോടതിയിലെത്തിയത് നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ തൊഴുത ശേഷം. മാധ്യമങ്ങളുടെ കണ്ണിൽപ്പെടാതെ പുറകുവശത്തുകൂടി രാവിലെ എട്ടുമണിയോടെ കോടതിവളപ്പിലെത്തി.
ഇപ്പോൾ തിരുവനന്തപുരത്തു താമസിക്കുന്ന ഗ്രീഷ്മയും പ്രതികളായ അമ്മ സിന്ധുവും അമ്മാവൻ നിർമലകുമാരൻ നായരും കാറിലാണ് രാവിലെ ക്ഷേത്രനടയിലെത്തിയത്. എല്ലാവരും മാസ്ക് ധരിച്ചിരുന്നു. ക്ഷേത്രദർശനത്തിനു ശേഷം തെക്കേ നട വഴി പുറത്തിറങ്ങി. കാറിൽ കോടതിക്ക് അടുത്തെത്തി പുറകുവശത്തുകൂടി അകത്തുകടന്നു. മാധ്യമങ്ങളുടെ ക്യാമറക്കണ്ണുകൾ വെട്ടിച്ചാണ് ഇവർ കോടതിയിലെത്തിയത്. ഇവർക്കൊപ്പം ഗ്രീഷ്മയുടെ അച്ഛനും കോടതിയിലെത്തിയിരുന്നു.
ഗ്രീഷ്മയെ കാണാൻ തിരക്ക്; തിങ്ങിനിറഞ്ഞ് കോടതി
ഷാരോൺ രാജ് വധക്കേസിലെ വിധി കേൾക്കാൻ വെള്ളിയാഴ്ച നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി പരിസരത്ത് രാവിലെ മുതൽ ആൾക്കാരെത്തിയിരുന്നു. ജനക്കൂട്ടത്തിനൊപ്പം മാധ്യമപ്പടയുംകൂടിയായതോടെ കോടതി റോഡും പരിസരവും ആൾത്തിരക്കിലമർന്നു.
കോടതി ചേരുന്നതിന് മണിക്കൂറുകൾക്കു മുൻപുതന്നെ ഗ്രീഷ്മയും മറ്റു പ്രതികളും കോടതിക്കെട്ടിടത്തിൽ എത്തിയിരുന്നു. കോടതിമുറിയും വരാന്തയും വിധികേൾക്കാനും ഗ്രീഷ്മയെ കാണാനുമെത്തിയവരെക്കൊണ്ടു നിറഞ്ഞു. കോടതിമുറിക്കു പിന്നിൽ മാസ്ക് ധരിച്ച ഗ്രീഷ്മയും പ്രതികളും അക്ഷോഭ്യരായി ഇരുന്നു. 11 മണിയോടെ ഗ്രീഷ്മയും അമ്മാവൻ നിർമലകുമാരൻ നായരും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. ഒരു ഭാവഭേദവുമില്ലാതെ പ്രതികൾ വിധി കേട്ടു. നടപടികൾക്കായി പിന്നെയും സമയമെടുത്തു. പുറത്തെ തിരക്കു കാരണം കോടതി പിരിഞ്ഞിട്ടും ഇവരെ പോലീസ് അവിടെത്തന്നെ ഇരുത്തി. വിവരം പുറത്തുവന്നതോടെ കൂടുതൽ പേർ കോടതിവളപ്പിലേക്കെത്തി.
പ്രതികളെ പുറത്തേക്കിറക്കിയപ്പോഴും മാധ്യമങ്ങളും ജനക്കൂട്ടവും വളഞ്ഞു. ഏറെ പണിപ്പെട്ടാണ് പോലീസ് ഇവരെ ജീപ്പിനുള്ളിലേക്കു കയറ്റിയത്. തിക്കിലും തിരക്കിലും കോടതിവളപ്പിൽ പാർക്കുചെയ്തിരുന്ന വാഹനങ്ങൾ പലതും മറിഞ്ഞുവീണു. ഒടുവിൽ പ്രതികളെ പോലീസ് ജീപ്പുകളിൽ തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ചു. ഇവരെ വനിതാ ജയിലിലും സെൻട്രൽ ജയിലിലും കൊണ്ടുപോകുന്നതു വരെ തിരക്കു തുടർന്നു. ക്രമസമാധാനം നിയന്ത്രിക്കാനായി ഡിവൈ.എസ്.പി. എസ്.ഷാജിയുടെയും ഇൻസ്പെക്ടർ എസ്.ബി.പ്രവീണിന്റെയും നേതൃത്വത്തിൽ വൻ പോലീസ് സംഘവും സ്ഥലത്ത് ക്യാമ്പുചെയ്തിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group