തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ജനുവരി 20-ന് ശിക്ഷ വിധിക്കും. ശനിയാഴ്ച ശിക്ഷാവിധിക്ക് മുന്നോടിയായുള്ള അന്തിമവാദം കോടതിയിൽ പൂർത്തിയായി. പ്രതിക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ ആവശ്യം. പ്രതിഭാഗം ഇതിനെ എതിർത്തു. പരമാവധി നൽകാനാവുന്ന ശിക്ഷ ജീവപര്യന്തമാണെന്നും പ്രതിയുടെ പ്രായം അടക്കം പരിഗണിച്ച് ശിക്ഷയിൽ പരമാവധി ഇളവ് വേണമെന്നും പ്രതിഭാഗം വാദിച്ചു.
നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയിൽ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ശിക്ഷാവിധിയിലുള്ള വാദം ആരംഭിച്ചത്. കേസില്‍ ഒന്നാംപ്രതി ഗ്രീഷ്മ, മൂന്നാംപ്രതി ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ഗ്രീഷ്മയെ കോടതിയിലെത്തിച്ചത്. ശിക്ഷാവിധിക്ക് മുമ്പായി എന്തെങ്കിലും പറയാനുണ്ടോയെന്ന് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ.എം. ബഷീര്‍ ഗ്രീഷ്മയോട് ചോദിച്ചു. ഇതോടെ പറയാനുള്ള കാര്യങ്ങള്‍ ഗ്രീഷ്മ എഴുതിനല്‍കി. ജഡ്ജി പ്രതിയെ ചേംബറിലേക്ക് വിളിപ്പിച്ച് കാര്യങ്ങള്‍ നേരിട്ട് ചോദിച്ചറിയുകയുംചെയ്തു.
പ്രായം പരിഗണിച്ച് ശിക്ഷയില്‍ പരമാവധി ഇളവ് അനുവദിക്കണമെന്നായിരുന്നു ഗ്രീഷ്മയുടെ ആവശ്യം. ഇനിയും പഠിക്കണം. 24 വയസ്സേ പ്രായമുള്ളൂ. മറ്റുക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ഗ്രീഷ്മ കോടതിയില്‍ പറഞ്ഞു. വിദ്യാഭ്യാസരേഖകളും കോടതിക്ക് കൈമാറി.
അതേസമയം, ഷാരോണ്‍ വധക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണം. ഒരു ചെറുപ്പക്കാരനെ അല്ല, സ്‌നേഹമെന്ന വികാരത്തെ കൂടിയാണ് പ്രതി കൊലപ്പെടുത്തിയത്. പ്രതിക്ക് ചെകുത്താന്റെ ചിന്തയാണ്. സ്‌നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപാതകം. ആദ്യ കൊലപാതകശ്രമം പരാജയപ്പെട്ടപ്പോള്‍ വീണ്ടും അതിന് ശ്രമിച്ചു. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കൃത്യം നടത്തിയത്.
11 ദിവസത്തോളം ഷാരോണ്‍ അനുഭവിച്ച വേദന ഡോക്ടര്‍മാരുടെ മൊഴിയിലുണ്ട്. കൊലപാതകം അവിചാരിതമല്ലെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഷാരോണിനും സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. ആ സ്വപ്നങ്ങളാണ് ഗ്രീഷ്മ തകര്‍ത്തത്. പ്രതിക്ക് ഒരു ഘട്ടത്തിലും മനസ്താപം ഉണ്ടായില്ല. അതിനാല്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
അതേസമയം, പ്രതിക്ക് എങ്ങനെ വധശിക്ഷ നല്‍കാന്‍ കഴിയുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ശാസ്തമംഗലം അജിത് കുമാര്‍ ചോദിച്ചു. കേസില്‍ സാഹചര്യ തെളിവുകള്‍ മാത്രമേയുള്ളൂ എന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി.
വിചാരണഘട്ടത്തില്‍ ഗ്രീഷ്മ ആത്മഹത്യ പ്രവണത കാണിച്ചു. ഷാരോണുമായുള്ള ബന്ധത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഗ്രീഷ്മ പലതവണ ശ്രമിച്ചു. പക്ഷെ, ബന്ധം ഉപേക്ഷിക്കാന്‍ ഷാരോണ്‍ ഒരുങ്ങിയില്ല. ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങള്‍ കാണിച്ച് ഷാരോണ്‍ ബ്ലാക്മെയില്‍ ചെയ്തു. ഒരു സ്ത്രീയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമുള്ള കാര്യങ്ങളാണ് ഷാരോണ്‍ ചെയ്തതെന്നും പ്രതിഭാഗം പറഞ്ഞു. കിടപ്പുമുറിയിലെ ദൃശ്യങ്ങള്‍ പോലും ഷാരോണ്‍ പകര്‍ത്തി. നഗ്നദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും പ്രതിഭാഗം വാദിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group