കൊച്ചി: ഹണി റോസിന്റെ പരാതിയില്‍ എടുത്ത കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയുണ്ടായ നാടകീയ സംഭവങ്ങളില്‍ ബോബി ചെമ്മണൂരിനെതിരെ കോടതി നടത്തിയത് രൂക്ഷപരാമര്‍ശങ്ങള്‍. 4.45-ന് ഉത്തരവ് പുറത്തുവിട്ടിട്ടും എന്തുകൊണ്ട് ബോബി ജയില്‍ മോചിതനായില്ലെന്ന് കോടതി ചോദിച്ചു. റിമാന്‍ഡ് പ്രതികളുടെ സംരക്ഷകനായി ചമഞ്ഞ് മോചനം വൈകിപ്പിക്കുന്നതിലൂടെ ബോബി മാധ്യമശ്രദ്ധ നേടാന്‍ ശ്രമം നടത്തുകയാണെന്നും കോടതി നിരീക്ഷിച്ചു.
'കോടതിയോട് നാടകം കളിക്കരുത്. ജാമ്യം നല്‍കിയ കോടതിക്ക് അത് റദ്ദാക്കാനുമറിയാം. റിമാന്‍ഡ് തടവുകാരുടെ വക്കാലത്ത് നിങ്ങള്‍ എടുക്കരുത്. റിമാന്‍ഡ് തടവുകാരെ സംരക്ഷിക്കാന്‍ ഹൈക്കോടതിയും ജുഡീഷ്യറിയുമുണ്ട്. അയാള്‍ ഹൈക്കോടതിയോടാണ് കളിക്കുന്നത്. ഉത്തരവ് മാധ്യമശ്രദ്ധയ്ക്കുവേണ്ടി പോക്കറ്റില്‍വെച്ച് കഥമെനയുന്നു. അയാള്‍ക്ക് മുകളില്‍ ആരെങ്കിലുമുണ്ടെന്ന് കരുതുന്നുണ്ടെങ്കില്‍ അത് കോടതി കാണിച്ചുകൊടുക്കാം. അറസ്റ്റ് ചെയ്യാന്‍ പോലും നിര്‍ദേശം നല്‍കും. പ്രതികള്‍ ഇങ്ങനെയാണോ പെരുമാറേണ്ടത്?', ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ വാക്കാല്‍ നിരീക്ഷിച്ചു. ബോബിയുടെ നിലപാട് ബുധനാഴ്ച 12 മണിയോടെ അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു.
കര്‍ശന ഉപാധികളോടെ ഹൈക്കോടതി കഴിഞ്ഞദിവസം ബോബിക്ക് ജാമ്യം അനുവദിച്ചിരുന്നു. വിവിധ കേസുകളില്‍ പ്രതിയായി ജയിലില്‍ കഴിയുന്നവരില്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാനാവാത്തവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോബി കഴിഞ്ഞ ദിവസം ജയില്‍മോചിതനാകാന്‍ തയ്യാറായിരുന്നില്ല. പിന്നാലെ കേസ് വീണ്ടും കോടതി സ്വമേധയാ പരിഗണനയ്‌ക്കെടുത്തു. ബോബിയുടെ അഭിഭാഷകരോട് ഹാജരാവാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. പിന്നാലെ പ്രതിഭാഗം അഭിഭാഷകര്‍ ചടുലനീക്കങ്ങളിലൂടെ ബോബിയെ ജയിലിന് പുറത്തെത്തിച്ചിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group