വണ്ടിത്താവളം : കാറ്റിൽപ്പെട്ട് നിയന്ത്രണം നഷ്ടമാവുകയും ഇന്ധനം തീരുകയും ചെയ്തതിനെത്തുടർന്ന് ഭീമൻ യാത്രാബലൂൺ പെരുമാട്ടി കമ്പാലത്തറയിൽ പാടത്തേക്ക് ഇടിച്ചിറക്കി. ബലൂണിലുണ്ടായിരുന്ന വിദ്യാർഥികളായ സഹോദരിമാരടക്കമുള്ള നാലുപേരും സുരക്ഷിതരാണ്. ചൊവ്വാഴ്ച രാവിലെ എട്ടേകാലോടെയാണ് സംഭവം. വലിയ അപകടത്തിൽ നിന്നാണ് ബലൂൺ യാത്രികർ രക്ഷപ്പെട്ടത്.
തമിഴ്നാട് ടൂറിസം വകുപ്പ് പൊള്ളാച്ചിയിൽ നടത്തുന്ന അന്താരാഷ്ട്ര ബലൂൺ ഉത്സവത്തിന്റെ ഭാഗമായാണ് ചൂടുവായു നിറച്ച ആനയുടെ രൂപമുള്ള ബലൂൺ പറത്തിയത്. ഇന്ധനം തീരുകയാണെന്ന് മനസ്സിലായപ്പോൾ പൈലറ്റ് ബലൂൺ ഇറക്കാൻ ശ്രമിച്ചെങ്കിലും തെങ്ങിൻതോപ്പുകൾ കൂടുതലുള്ള പ്രദേശമായതിനാൽ ഒഴിഞ്ഞ സ്ഥലം കിട്ടാതെ ബുദ്ധിമുട്ടി. കന്നിമാരി മുള്ളൻതോടിലുള്ള രാമൻകുട്ടിയുടെ പാടത്തേക്കാണ് ബലൂൺ ഇടിച്ചിറക്കാൻ കഴിഞ്ഞത്.
വലിയ ശബ്ദം കേട്ടാണ് പുറത്തിറങ്ങി നോക്കിയതെന്ന് രാമൻകുട്ടിയുടെ മകൻ സുധനകുമാർ പറഞ്ഞു. ബലൂൺ ഉയരുകയും താഴുകയും തെങ്ങുകളിൽ ഇടിക്കുകയും ചെയ്യുന്നതാണ് കണ്ടത്. സഹായിക്കണേ... എന്ന നിലവിളി കേട്ടപ്പോഴാണ് ബലൂണിലെ ബാസ്കറ്റിൽ ആളുണ്ടെന്നു മനസ്സിലായത്. പൈലറ്റുമാർ പരിഭ്രാന്തരായിരുന്നു. കുട്ടികളാണ് നിലവിളിച്ചത്. താഴേക്കിറങ്ങിയ ബലൂൺ വീണ്ടും മുകളിലേക്കുയർന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. നാട്ടുകാർ ചേർന്ന് പണിപ്പെട്ട് പിടിച്ചുനിർത്തുകയായിരുന്നു. തമിഴ്‌നാട് പോലീസിലെ ഉന്നതോദ്യോഗസ്ഥന്റെ രണ്ടു മക്കളും ബലൂൺ നിയന്ത്രിക്കുന്ന വിദേശികളായ രണ്ടു പൈലറ്റുമാരുമാണ് ബലൂണിൽ ഉണ്ടായിരുന്നത്.
സാധാരണ നിലയിൽ ബലൂൺ ഇത്രയും ദൂരം പോകാറില്ലെന്നും കാറ്റ് അധികമായതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും പൊള്ളാച്ചി പോലീസ് ഇൻസ്പെക്ടർ പറഞ്ഞു. പൊള്ളാച്ചിയിൽനിന്ന് രാവിലെ 7.15-നാണ് ബലൂൺ പറന്നുയർന്നത്. ഒരു മണിക്കൂറിൽ 20 കിലോമീറ്ററോളം പറന്നാണ് കന്നിമാരിയിൽ എത്തിയത്. ഇവരെ പിന്തുടർന്ന് റോഡ് മാർഗം തമിഴ്നാട് പോലീസും സംഘാടകരും ഉണ്ടായിരുന്നു. ബലൂൺ താഴത്തിറങ്ങി അല്പസമയത്തിനകം ഇവരും സ്ഥലത്തെത്തി. ഇവർ വന്ന വാഹനത്തിൽ നാട്ടുകാരുടെ സഹായത്തോടെ ബലൂൺ കയറ്റി കൊണ്ടുപോയി.
മൂന്ന് ദിവസത്തെ ബലൂൺ ഉത്സവം ചൊവ്വാഴ്ചയാണു തുടങ്ങിയത്. വിദേശികളടക്കം പങ്കെടുക്കുന്നുണ്ട്.
"അടുത്ത് അണയാണ്, ആലോചിക്കുമ്പോൾത്തന്നെ പേടിയാവുന്നു”
വണ്ടിത്താവളം : ''കുഴൽക്കിണർ കുഴിക്കുമ്പോൾ വായു പുറത്തേക്കു പോകുന്നതുപോലെയുള്ള വലിയ ശബ്ദം. നോക്കുമ്പോൾ ആകാശത്തുനിന്ന് താഴേക്കിറങ്ങിവരുന്ന ആനയുടെ ആകൃതിയിലുള്ള ഭീമൻ ബലൂൺ. ഉള്ളിൽനിന്ന് കരച്ചിൽ കേൾക്കുന്നുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല '' - പെരുമാട്ടി കമ്പാലത്തറയിൽ യാത്രാബലൂൺ ഇടിച്ചിറക്കിയ പാടത്തിന്റെ ഉടമസ്ഥൻ രാമൻകുട്ടിയുടെ മകൻ സുധനകുമാർ പറഞ്ഞു.
ആദ്യം ഒന്ന് അമ്പരന്നെങ്കിലും കുട്ടികളുടെ കരച്ചിൽ കേട്ടപ്പോൾ പെട്ടെന്നുതന്നെ ഉണർന്ന് പ്രവർത്തിച്ചു. ബലൂൺ താഴേക്കിറക്കാൻ സുരക്ഷിതമായ സ്ഥലം കാണിച്ചുകൊടുത്തു. നിലവിളികേട്ട് ചെറിയച്ഛൻ കൃഷ്ണൻകുട്ടിയും സഹായത്തിന് ഓടിയെത്തി, പൈലറ്റുമാർ ചാടിയിറങ്ങി. എല്ലാവരുംകൂടി പിടിച്ചാണ് ബലൂൺ ഒരുവിധം താഴെനിർത്തിയത്.
നടീൽ കഴിഞ്ഞ പാടമാണ്. നാശമുണ്ടായിട്ടുണ്ട്. എങ്കിലും കുട്ടികൾ രക്ഷപ്പെട്ടല്ലോ എന്ന സമാധാനത്തിലാണ് സുധനകുമാർ. ബലൂൺ ഇറങ്ങിയതിന്റെ അടുത്തുതന്നെയാണ് വൈദ്യുതി ലൈൻ കടന്നുപോകുന്നത്. വെങ്കലക്കയം ഡാമിലേക്ക് 50 മീറ്റർ മാത്രമേയുള്ളൂ. അത് ആലോചിക്കുമ്പോൾത്തന്നെ പേടിയാകുന്നെന്ന് സുധനകുമാറും കൃഷ്ണൻകുട്ടിയും പറഞ്ഞു. വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി. അവരുടെ സഹായത്തോടെയാണ് ബലൂൺ തിരികെ വാഹനത്തിൽ കയറ്റിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group