ലക്ഷങ്ങൾ വിലയുള്ള ഭൂഗർഭ കേബിളുകൾ കത്തിനശിച്ചു
തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം
കൊട്ടിയം : കെ.എസ്.ഇ.ബി.യുടെ കൊട്ടിയം 110 കെ.വി.സബ്സ്റ്റേഷൻ വളപ്പിലുണ്ടായ അഗ്നിബാധയിൽ ലക്ഷങ്ങൾ വിലപിടിപ്പുള്ള ഭൂഗർഭ കേബിളുകളും എച്ച്.ഡി.സ്ലീവ് പൈപ്പുകളും കത്തിനശിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സബ്സ്റ്റേഷൻ വളപ്പിലെ ഗേറ്റിന് സമീപത്തെ പുല്ലുകൾക്ക് തീപിടിച്ചത്. ശക്തമായ കാറ്റുണ്ടായിരുന്നതിനാൽ തീ വേഗം ആളിപ്പടർന്നു.
സബ്‌സ്റ്റേഷനിലെ അതീവസുരക്ഷാ മേഖലയിലുണ്ടായ വൻ അഗ്നിബാധ നാടിനെ ആശങ്കയിലാക്കി. കേബിളുകൾക്കും പൈപ്പുകൾക്കും തീ പടർന്നതോടെ ദുർഗന്ധവും പുകയും അന്തരീക്ഷമാകെ നിറഞ്ഞു. പുക പരന്നതോടെ സമീപവാസികളടക്കം ഒട്ടേറെപ്പേർക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായി. പലർക്കും കടുത്ത ശ്വാസംമുട്ടലുണ്ടായതായും നാട്ടുകാർ പറയുന്നു.
അഗ്നിരക്ഷാസേനാംഗങ്ങളുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രിക്കാനായത്. കൊല്ലം കടപ്പാക്കട, ചാമക്കട അഗ്നിരക്ഷാ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
സബ്സ്റ്റേഷൻ ചാർജ് ചെയ്യുമ്പോഴുണ്ടാകുന്ന തീപ്പൊരിയിൽനിന്നോ വഴിയാത്രക്കാർ ആരെങ്കിലും വലിച്ചെറിഞ്ഞ ബീഡി, സിഗരറ്റ് കുറ്റികളിൽനിന്നോ ആകാം തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം.
തീപ്പിടിത്തമുണ്ടായയുടൻ സബ്സ്റ്റേഷനിൽനിന്നുള്ള വൈദ്യുതി വിതരണം നിർത്തിവെച്ചു. ഇടമൺ, കുണ്ടറ 220 കെ.വി. സബ്സ്റ്റേഷനുകളിൽനിന്നുള്ള വൈദ്യുതി കൊട്ടിയം സ്റ്റേഷനിലെത്തിച്ചാണ് വിതരണം നടത്തുന്നത്.
ഒട്ടേറെ ട്രാൻസ്ഫോർമറുകളും അനുബന്ധ ഉപകരണങ്ങളും തീ പ്പിടിത്തത്തിൽനിന്നു സംരക്ഷിക്കാനായത് നാടിന് ആശ്വാസമായി. തീപ്പിടിത്തം കാരണം തഴുത്തല, ആദിച്ചനല്ലൂർ, പരവൂർ ഭാഗങ്ങളിലേക്കുള്ള വൈദ്യുതിവിതരണം തടസ്സപ്പെട്ടു.
ഒട്ടേറെത്തവണ സബ് സ്റ്റേഷൻ വളപ്പിലെ പുല്ലുകൾക്ക് തീപിടിച്ചിട്ടുണ്ടെങ്കിലും തലനാരിഴയ്ക്കാണ് വൻ അത്യാഹിതങ്ങൾ ഒഴിവായിട്ടുള്ളതെന്ന് നാട്ടുകാർ പറയുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group