എലത്തൂർ : കൈപ്പുറത്തുപാലം പ്രദേശത്തെ ടൂറിസം ഭൂപടത്തിലുൾപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘കൈ-ഓളം’ ഫെസ്റ്റ് നാടിന്റെ ഉത്സവമായി. ഫെസ്റ്റ് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു.
എടക്കാട്, എരഞ്ഞിക്കൽ, മൊകവൂർ, പുത്തൂർ മേഖലകളിലെ അൻപതോളം റെസിഡന്റ്സ് അസോസിയേഷനുകളും സാമൂഹിക സാംസ്കാരിക സംഘടനകളും ചേർന്ന് നടത്തുന്ന ഫെസ്റ്റിലെ വിസ്മയക്കാഴ്ചകൾ കാണാൻ നാടാകെയാണ് ഒഴുകിയെത്തുന്നത്. വിനോദ, വിജ്ഞാന, വിപണന സ്റ്റാളുകളും അമ്യൂസ്‌മെന്റ് പാർക്കും കണ്ടൽവനയാത്രയും, ഊഞ്ഞാൽ ഗ്രാമവുമാണ് സന്ദർശകരെ ഏറെ ആകർഷിക്കുന്നത്.
മലബാറിലെ കൊതിയൂറും വിഭവങ്ങളുടെ രുചിയറിയാൻ
ജലാശയത്തിലെ ഫ്ളോട്ടിങ് റസ്റ്ററന്റിൽ ഭക്ഷണപ്രിയരുടെ തിരക്കാണ്. വൈകുന്നേരങ്ങളിൽ രണ്ടുവേദികളിലായി കലാപരിപാടികളും അരങ്ങേറുന്നുണ്ട്. 19-ന് ഫെസ്റ്റ് സമാപിക്കും.
ഇടംകിട്ടുമോ ടൂറിസം ഭൂപടത്തിൽ
തിരക്കുകൾ നിറഞ്ഞ നഗരത്തിൽനിന്ന് വിട്ടുമാറി പ്രകൃതിസൗന്ദര്യമാസ്വദിക്കാൻ സന്ദർശകരെത്തുന്ന കൈപ്പുറത്തുപാലം ജലാശയത്തിനുവേണം ടൂറിസം ഭൂപടത്തിലൊരിടം. ചുറ്റും പടർന്നുപന്തലിച്ച വൈവിധ്യമായ കണ്ടലുകളും അതിഥികളായെത്തുന്ന ദേശാടനക്കിളികളുമുള്ള പ്രദേശം സന്ദർശകരുടെ മനംകുളിർപ്പിക്കുന്ന ഇടമാണ്. എടക്കാട്-കൈപ്പുറത്തുപാലം-എരഞ്ഞിക്കൽ റോഡിൽ കനോലിക്കനാലുമായി അതിരിട്ടാണ് ജലാശയം. പുഞ്ചപ്പാടമായിരുന്ന സ്ഥലം ഒരുനൂറ്റാണ്ടുമുൻപ് കനോലിക്കനാലിൽനിന്ന് വെള്ളം കയറിയതോടെയാണ് ജലാശയമായത്. മൂർക്കനാടുമുതൽ മൊകവൂർ കൈപ്പുറത്ത്, എരഞ്ഞിക്കൽ, കൊന്നാരിത്താഴം പുതിയനിരത്ത് ജെട്ടിവരെ 50 ഏക്കറോളമുണ്ട് ഈ ജലാശയം.
ജലാശയത്തിന്റെ ടൂറിസം സാധ്യതകൾ ജനങ്ങളുടെയും അധികൃതരുടെയും ശ്രദ്ധയിൽക്കൊണ്ടുവരാനാണ് അയൽപക്ക കൂട്ടായ്മകളുടെയും സാമൂഹിക സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിൽ കൈപ്പുറത്തുപാലം ഫെസ്റ്റിന് തുടക്കമിട്ടത്.
വിളംബരജാഥകൾ സംഗമിച്ചു: ഫെസ്റ്റിന് ഔദ്യോഗികത്തുടക്കം
എലത്തൂർ : കലാരൂപങ്ങളുടെയും ബാൻഡ് വാദ്യങ്ങളുടെയും അകമ്പടിയോടെ നാലുകരകളിൽനിന്നുള്ള വിളംബരജാഥകൾ കൈപ്പുറത്ത് പാലത്ത് സംഗമിച്ചതോടെയാണ് കൈപ്പുറത്തുപാലം ഫെസ്റ്റിന് ഔദ്യോഗികത്തുടക്കമായത്.
ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. കൗൺസിലർ എസ്.എം. തുഷാര അധ്യക്ഷയായി. ജനറൽ കൺവീനർ ഡോ. വി. ഉദയകുമാർ, ചെയർമാൻ വി.പി. മനോജ്, കൗൺസിലർ ഇ.പി. സഫീന, ആർ.ജെ. മനു, സുരേഷ് മൊകവൂർ, രാമചന്ദ്രൻ നായർ, കെ.എൻ. ജയകുമാർ, ഹാജറ കറ്റടത്ത്, എ.ടി. രതീഷ് എന്നിവർ സംസാരിച്ചു.
ലോഗോ രൂപകൽപ്പനചെയ്ത വി.എം. മനോജ് കുമാർ, ക്യാപ്ഷൻ നൽകിയ സുധിൻ എന്നിവരെ അനുമോദിച്ചു. കായികമത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണംചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group