![പുരാവസ്തുക്കൾ കാണാൻ വൻജനത്തിരക്ക് അസ്ഥികളും കണ്ടെത്തി](public/uploads/2025-01-13/image-(13).jpg)
പേരാമ്പ്ര : ചേനോളി കളോളിപ്പൊയിലിൽ കണ്ടെത്തിയ ചെങ്കൽഗുഹകളിൽ പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥരുടെ വിശദമായ പരിശോധനയിൽ അസ്ഥികളും കണ്ടെത്തി. രണ്ടാമത്തെ അറ തുറന്ന് പരിശോധിച്ചപ്പോഴാണ് അസ്ഥി ലഭിച്ചത്. സ്മാരകങ്ങളുടെ കാലപ്പഴക്കം നിർണയിക്കാൻ ഇത് സഹായകമാകും. ഇരുമ്പുകത്തിയുമുണ്ടായിരുന്നു. ആദ്യ അറ തുറന്നപ്പോൾ മൺപാത്രങ്ങളും ഇരുമ്പായുധങ്ങളും കൊളുത്തുകളുമെല്ലാം ലഭിച്ചിരുന്നു. കല്ലുകൊണ്ടുണ്ടാക്കിയ ബെഞ്ചുമുണ്ടായി.
മൃതസംസ്കാര സ്മാരകങ്ങളായി ഉറപ്പുള്ള ചെങ്കൽപ്പാറകൾ വെട്ടിയുണ്ടാക്കിയ മൂന്ന് കല്ലറകളാണ് കണ്ടെത്തിയത്. കോഴിക്കോട് പഴശ്ശിരാജാ മ്യൂസിയം ചാർജ് ഓഫീസർ കെ. കൃഷ്ണരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് നേതൃത്വംനൽകുന്നത്. പുരാവസ്തുക്കൾ കാണാൻ കഴിഞ്ഞദിവസങ്ങളിൽ വലിയ ജനപ്രവാഹമാണ് ഇവിടേക്കൊഴുകിയെത്തിയത്. നിശ്ചിത സമയങ്ങളിൽ പൊതുജനങ്ങൾക്ക് കാണാൻ അവസരമൊരുക്കിയിരുന്നു.
സ്മാരകങ്ങൾക്കകത്ത് മൃതദേഹം പൂർണമായി വെക്കുന്നതിനുപകരം അസ്ഥികൾ മാത്രമാണ് വെക്കാറുള്ളത്. പാത്രങ്ങളിൽ സൂക്ഷിച്ച രീതിയിലോ ബെഞ്ചുകളിൽ വെച്ചരീതിയിലോ ഉണ്ടാകാറുണ്ട്. ഇരുമ്പായുധങ്ങളും ചിലസ്ഥലത്ത് കൽമുത്തുകളും വെക്കാറുണ്ട്. കാർണീലിയൻ കല്ലിന്റെ മുത്തുകളാണ് ഏറ്റവും സാധാരണം. ഇവയിൽ അലങ്കാരപ്പണികളും കാണാം. വെള്ളാരക്കല്ല് മുത്തും ഉണ്ടാകാറുണ്ട്. അപൂർവമായി നെല്ലുപോലുള്ള ധാന്യങ്ങളും കിട്ടാറുണ്ട്. മൺപാത്രങ്ങളുടെ മുകളിൽ കോറിയിട്ട അടയാളങ്ങൾ കാണാറുണ്ട്. തമിഴ്നാട്ടിൽനിന്ന് ബ്രാഹ്മി ലിഖിതങ്ങൾ രേഖപ്പെടുത്തിയത് കിട്ടിയിട്ടുണ്ട്.
കൽവെട്ടറകൾ, കുടക്കല്ലുകൾ, പത്തിക്കല്ലുകൾ, നടുകല്ലുകൾ, തൊപ്പിക്കല്ലുകൾ, നന്നങ്ങാടികൾ എന്നിവയെല്ലാം മഹാശിലാ സംസ്കാരത്തിന്റെ തെളിവുകളാണ്. സ്മാരകങ്ങളായ ചെങ്കല്ലറകൾ പൊതുവിൽ ഒരു രീതി പിന്തുടരുന്നുണ്ടെങ്കിലും പ്രാദേശികമായി വകഭേദങ്ങളുണ്ടാകും. തൃശ്ശൂർമുതൽ കാസർകോടുവരെയാണ് ഇത്തരം ഗുഹകൾ കാണാറുള്ളത്. കാസർകോട് ഭാഗത്താണ് ഏറ്റവും ലളിതമായ കല്ലറകൾ കണ്ടിട്ടുള്ളത്.
![](public/images/mediaface-ml.jpg)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group