നാല്‌ ജീവനും കൈയിലേന്തി അവർ ഓടി

നാല്‌ ജീവനും കൈയിലേന്തി അവർ ഓടി
നാല്‌ ജീവനും കൈയിലേന്തി അവർ ഓടി
Share  
2025 Jan 13, 09:10 AM

പീച്ചി : ഒരു നിമിഷംപോലും കളയാതെയുള്ള രക്ഷാപ്രവർത്തനവും കാലതാമസമില്ലാതെ ലഭിച്ച വിദഗ്ധചികിത്സയും പീച്ചി റിസർവോയറിൽ വീണ കുട്ടികളുടെ ആരോഗ്യകാര്യത്തിൽ പ്രതീക്ഷയേകുന്നു. കുട്ടികളുടെ നിലവിളി കേട്ട പ്രദേശവാസി റിജോമോൻ തോമസാണ് നാട്ടുകാരെ വിവരമറിയിച്ചത്. സമീപത്തുണ്ടായിരുന്ന പ്രദേശവാസിയും എറണാകുളം മുനമ്പത്ത് ലൈഫ് ഗാർഡുമായ മെജോയ് കുര്യന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളത്തിലിറങ്ങി കുട്ടികളെ പുറത്തെടുത്തു. തങ്കായി കുര്യൻ, ഷാൻ തോമസ്, ഷിജോയി കുര്യൻ, റിജോമോൻ തോമസ്, ഷാജി കാഞ്ഞിരത്തിങ്കൽ, മോഹനൻ മഠത്തിൽ, ജിനീഷ് തെക്കേക്കര, ഡിബിൻ ലോറൻസ്, ഷിജു പോൾ എന്നിവരാണു കുട്ടികളെ കരയിലെത്തിച്ചത്.


20 മിനിറ്റിനുള്ളിൽ നാലു കുട്ടികളെയും വെള്ളത്തിൽനിന്നു പുറത്തെടുത്ത് മെജോയ് കുര്യൻ സി.പി.ആർ. നൽകി. ഇതിനിടെ ഒരു കുട്ടിക്ക് ബോധം തിരിച്ചുകിട്ടി മെജോയ്‌യുടെ കൈയിൽ കടിച്ചു. റിസർവോയറിൽനിന്ന് പ്രധാന റോഡിലേക്ക്‌ 150 മീറ്ററോളം കുത്തനെയുള്ള കയറ്റമാണ്. ഈ കയറ്റത്തിലേക്ക്‌ കുട്ടികളെ തോളിൽവെച്ച് ഓടിക്കയറിയാണു മുകളിലെത്തിച്ചത്. ആദ്യം പുറത്തെടുത്ത കുട്ടിയെ നാട്ടുകാരിലൊരാളുടെ കാറിൽ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി.


പള്ളിപ്പെരുന്നാൾ ആഘോഷത്തിനും കൂട്ടത്തിലൊരാളുടെ പിറന്നാൾ ആഘോഷത്തിനുമായി പരിസരത്തുണ്ടായിരുന്ന ഒരു സംഘം ആംബുലൻസ് ഡ്രൈവർമാർ, മിനിറ്റുകൾക്കകം വാഹനവുമായെത്തിയതോടെ മറ്റുള്ളവരെയും അതിവേഗം ആശുപത്രിയിലെത്തിക്കാനായി. ആംബുലൻസ് ഡ്രൈവർമാരായ റിജോ പൗലോസ്, അനീഷ് പാപ്പച്ചൻ, കെ.എം. മഹീന്ദ്രൻ, കെ.എ. ഷെഫീഖ്, എബി വർക്കി എന്നിവർ ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം കിട്ടിയവരായതും തുണയായി. ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലും ഇവർ കുട്ടികൾക്ക് സി.പി.ആർ. നൽകിക്കൊണ്ടിരുന്നു.


ഇതിനിടെ, പീച്ചി പോലീസ് തൃശ്ശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിവരമറിയിച്ചിരുന്നു. 18 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക്‌ 15 മിനിറ്റുകൊണ്ട് ആംബുലൻസുകൾ ഓടിയെത്തി. ആംബുലൻസുകൾ ആശുപത്രിയിൽ എത്തുന്നതിനുമുന്നേ ‍ഡോക്ടർമാരും ജീവനക്കാരും എല്ലാ തയ്യാറെടുപ്പുകളുമായി കാത്തുനിന്നതും നിർണായകമായി.


മികച്ച ചികിത്സയും പ്രാർഥനയും


തൃശ്ശൂർ : പുറത്തു പ്രാർഥനയും നിലവിളിയുമായി ബന്ധുക്കളും നാട്ടുകാരും. അകത്ത് ഏറ്റവും മികച്ച ചികിത്സ നൽകി കുട്ടികളുടെ ജീവൻ തിരിച്ചുപിടിക്കാൻ കഠിനാധ്വാനം നടത്തുന്ന ഡോക്ടർമാരും ആശുപത്രി ജീവനക്കാരും. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ ഉദ്വേഗം നിറഞ്ഞ അന്തരീക്ഷം തുടരുമ്പോഴും പ്രതീക്ഷ പകരുന്ന വാർത്തകളാണ് മണിക്കൂറുകൾക്കകം പുറത്തുവന്നത്. ഏറ്റവും കുറഞ്ഞ സമയംകൊണ്ട്‌ അത്യാധുനികസംവിധാനങ്ങളുള്ള ആശുപത്രിയിലെത്തിക്കാനായതാണ് മരണവക്കിലെത്തിയ കുട്ടികൾക്കു തുണയായത്.


ഗുരുതരനിലയിൽ ആശുപത്രിയിലെത്തിയ കുട്ടികളെ നേരത്തേത്തന്നെ ഒരുക്കിനിർത്തിയ ഐ.സി.യു.വിലേക്കാണ് മാറ്റിയത്. ഞായറാഴ്ച അവധിയായിട്ടും മുതിർന്ന ഡോക്ടർമാരെല്ലാം കുതിച്ചെത്തി ചികിത്സ തുടങ്ങി. ഏതാനും സമയത്തിനകം ഡോക്ടർമാർ പുറത്തെത്തി കുട്ടികളുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി ബന്ധുക്കളെയും മാധ്യമപ്രവർത്തകരെയും അറിയിച്ചു. മൂന്നു കുട്ടികളുടെയും ശ്വാസകോശത്തിൽ കയറിയ വെള്ളവും ചെളിയും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെടുത്തതായി ഡോക്ടർമാർ പറഞ്ഞു. തുടർന്ന് ബന്ധുക്കളെ കുട്ടികളെ കാണാനനുവദിച്ചു.


വിവരം കേട്ട് ഓടിയെത്തിയ മന്ത്രി രാജനും കളക്ടർ അർജുൻ പാണ്ഡ്യനും ഡോക്ടർമാരുമായി ചർച്ച നടത്തി. കുട്ടികളുടെ ഹൃദയമിടിപ്പിന്റെ തോത് മെച്ചപ്പെട്ടതായും പ്രതീക്ഷയോടെ കാത്തിരിക്കാമെന്നും പുറത്തെത്തിയ മന്ത്രി അറിയിച്ചു.


കുട്ടികളെ സ്പെഷ്യൽ ക്രിറ്റിക്കൽ കെയർ യൂണിറ്റിലേക്ക് മാറ്റുകയും വിദഗ്ധ ഡോക്ടർമാരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപവത്കരിക്കുകയും ചെയ്തു. ചികിത്സയിൽ സഹായിക്കാൻ തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെ വിദഗ്ധസംഘത്തെ ജൂബിലിയിലെത്തിക്കാനും തീരുമാനമായി.


നടന്നത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം


ജീവൻ രക്ഷിക്കാൻ സി.പി.ആർ.


: രക്ഷിച്ചയാൾക്ക് ബോധമുണ്ടോയെന്ന് ആദ്യം നോക്കണം. ബോധമില്ലെങ്കിൽ ഉടൻ ഹൃദയമിടിപ്പ് ഉണ്ടോയെന്നു പരിശോധിക്കണം. ഇല്ലെങ്കിൽ പെട്ടെന്നുതന്നെ സി.പി.ആർ. ചെയ്യാൻ തുടങ്ങണം. ശരീരത്തിൽ എവിടെയെങ്കിലും സി.പി.ആർ. ചെയ്യാനാകില്ല. ഹൃദയവുമായി ബന്ധപ്പെട്ടതായതിനാൽ നെഞ്ചുഭാഗത്താണ് സി.പി.ആർ. ചെയ്യുന്നത്. കൃത്യമായി പറഞ്ഞാൽ നെഞ്ചിന്റെ കൃത്യം നടുക്ക്.


മുപ്പതുതവണ അമർത്തിയതിനുശേഷം വായിലൂടെ രണ്ടുതവണ കൃത്രിമ ശ്വാസോച്ഛ്വാസം നൽകുക. കൃത്രിമ ശ്വാസോച്ഛ്വാസം നൽകുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. അബോധാവസ്ഥയിലാകുമ്പോൾ ഒരാളുടെ നാവ് പിന്നോട്ടുവന്ന്‌ തൊണ്ട അടയാൻ സാധ്യതയുണ്ട്. അതിനാൽ നാം കൊടുക്കുന്ന ശ്വാസം ഹൃദയത്തിലേക്ക് കിട്ടാതെ വരും.


അതുകൊണ്ട് ഒരു കൈ നെറ്റിയിൽ അമർത്തി, മറ്റേ കൈയിലെ രണ്ട്‌ വിരലുകൾ താടിയിൽ മുകളിലേക്കമർത്തി തല അല്പം മുകളിലേക്കുയർത്തി മൂക്ക് അടച്ചുപിടിച്ചുകൊണ്ടാണ് നൽകേണ്ടത്. പ്രത്യേകം ശ്രദ്ധിക്കുക, കൃത്യമായ പരിശീലനം ലഭിച്ചവർ മാത്രമേ സി.പി.ആർ. നൽകാവൂ.



SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH