തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പിവി അൻവറിൻ്റെ യുഡിഎഫ് പ്രവേശനത്തിൽ തിരക്കിട്ട് തീരുമാനം വേണ്ടെന്ന് കോൺഗ്രസ്. പിവി അൻവർ ഇനിയും പല കാര്യങ്ങളിലും നിലപാട് വ്യക്തമാക്കണമെന്നാണ് നേതാക്കളുടെ അഭിപ്രായം. രാഹുൽ ഗാന്ധിക്കെതിരായ പരാമർശവും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ അഴിമതി ആരോപണത്തിലും തിരുത്ത് വേണമെന്നാണ് നിലപാട്. ഇതിന് ശേഷമേ യുഡിഎഫ് പ്രവേശനം ആലോചിക്കാവൂ എന്നാണ് കോൺഗ്രസ് നേതാക്കൾ നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അൻവറിനെ മുന്നണിയിൽ എടുക്കുന്നതിൽ വ്യക്തിപരമായി എതിർപ്പില്ലെന്ന് ഇന്നലെ കെ സുധാകരൻ പ്രതികരിച്ചിരുന്നു. അൻവർ നല്ല സുഹൃത്തും മുൻ സഹപ്രവർത്തകനുമാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ വിശദീകരണം. അൻവർ ഉയർത്തിയ രാഷ്ട്രീയ വിഷയങ്ങളിൽ യോജിപ്പുണ്ടെങ്കിലും മുന്നണി പ്രവേശം ഇതേവരെ ചർച്ചയായിട്ടില്ലെന്നാണ് ഇന്നലെ രമേശ് ചെന്നിത്തല പ്രതികരിച്ചത്.
വന നിയമ ഭേദഗതി പ്രതിഷേധത്തിന് പിന്നാലെ അറസ്റ്റിലായ അൻവറുമായി പാണക്കാട് സാദിഖലി തങ്ങളടക്കം കൂടിക്കാഴ്ച നടത്തിയിരുന്നു. കെപിസിസി ഭാരവാഹി യോഗം ഇന്ന് തിരുവനന്തപുരത്തു ചേരുന്നുണ്ട്. തദ്ദേശ തെരെഞ്ഞെടുപ്പിനുള്ള മിഷൻ 25ന്റെ പുരോഗതിയാണ് പ്രധാന അജണ്ട. ഈ യോഗത്തിൽ കൂടുതൽ നേതാക്കൾ അൻവർ വിഷയത്തിൽ പ്രതികരിച്ചേക്കും. യോഗത്തിൽ പാർട്ടി പുനഃസംഘടനയും സമകാലിക രാഷ്ട്രീയ സംഭവങ്ങളും ചർച്ചക്ക് വരും. നേതൃ നിരയിൽ സ്ഥാനം ഉറപ്പിക്കാൻ പാർട്ടിയിൽ കിടമത്സരം നടക്കുന്നതിനിടെയാണ് യോഗം. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പോരിനെതിരെ വിമർശനം യോഗത്തിൽ വരാൻ ഇടയുണ്ട്. ഉച്ചക്ക് രണ്ടരക്ക് ശേഷം ആണ് യോഗം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group