പാലക്കാട് : ജില്ലയിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നുണ്ടെന്നും സൈബർ സുരക്ഷ ഉറപ്പുവരുത്താൻ പോലീസിന്റെ പ്രത്യേക ശ്രദ്ധയുണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി അജിത്ത് കുമാർ. ചുമതലയേറ്റശേഷം നയം വ്യക്തമാക്കുകയാണ് അജിത്ത് കുമാർ.
സൈബർ കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ ആദ്യപടിയായി ജനമൈത്രി പോലീസ് ബീറ്റ് ഉദ്യോഗസ്ഥർ വീടുകളിലെത്തും. മുതിർന്ന ആളുകൾ, ഒറ്റയ്ക്കു താമസിക്കുന്നവർ, പ്രത്യേകിച്ചും സ്ത്രീകൾ എന്നിവരെ കണ്ടെത്തി സുരക്ഷ ഉറപ്പാക്കും. ബാങ്കുകളുമായി സംസാരിച്ച് ജില്ലയിലെ സാമ്പത്തികഭദ്രതയുള്ളവരെ കണ്ടെത്തും. അത്തരം വീടുകളിലെത്തി സൈബർ തട്ടിപ്പുകളെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ബോധവത്കരണം നടത്തും. നിലവിൽ നടക്കുന്ന പ്രവർത്തനങ്ങളും കൂടുതൽ ശക്തമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിൽ എട്ടുമാസം കമാൻഡന്റായി ഉണ്ടായിരുന്നു അജിത്ത് കുമാർ. ശ്രീനിവാസൻ വധക്കേസ് പോലുള്ള സംഭവങ്ങളുണ്ടായപ്പോഴും ഉണ്ടായിരുന്നു. ജില്ലയെക്കുറിച്ചു നേരത്തേയുള്ള പരിചയം ഉപയോഗപ്പെടുമെന്നു കരുതുന്നുവെന്നും അജിത്ത് കുമാർ പറഞ്ഞു.
2017 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ അജിത്ത് കുമാർ ഝാർഖണ്ഡ് സ്വദേശിയാണ്. കണ്ണൂർ സിറ്റി പോലീസ് കമ്മിഷണറുടെ ചുമതലയിൽനിന്നാണു പാലക്കാട്ടേക്കെത്തുന്നത്. ടെന്നീസും സൈക്ലിങ്ങുമൊക്കെ ഇഷ്ടപ്പെടുന്നയാളാണ്. ഭാര്യ: മാനസി. മകൻ: അഥർവ് കുമാർ (മൂന്ന് വയസ്സ്).
പ്രതികൾ ജാഗ്രതൈ
കുറ്റകൃത്യങ്ങൾ ഉണ്ടാവാതിരിക്കാനുള്ള നടപടി സ്വീകരിക്കുക എന്നതിനാണു പ്രാധാന്യം നൽകുന്നത്. ജയിൽമോചിതരാകുന്നവരെ നിരന്തരം നിരീക്ഷിക്കും. ഗുണ്ടകൾക്കെതിരേ ശക്തമായ നടപടിയുണ്ടാകും. കണ്ണൂരിൽ മോഷണക്കേസുകൾ കുറച്ചുകൊണ്ടുവരാൻകഴിഞ്ഞ പരിചയം ഇവിടെ ഉപയോഗപ്പെടുത്തും. സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (കാപ്പ) ശക്തമായി നടപ്പാക്കും. ലഹരിക്കടത്തിനെതിരായ നടപടി ശക്തമാക്കും.
കഴിഞ്ഞവർഷം വലിയ അളവിൽ വാണിജ്യാടിസ്ഥാനത്തിലുള്ള മുപ്പതിലധികം ലഹരിക്കേസുകൾ പിടിച്ചിരുന്നു. അതിർത്തിയിൽ പരിശോധന കർശനമാക്കും. ഇത്തരം പ്രതികൾക്കെതിരേ കർശനനടപടി ഉണ്ടാകും. റോഡപകടങ്ങൾ കുറയ്ക്കാൻ വിദഗ്ധരെ ഉൾപ്പെടുത്തി കൂടുതൽ ഹോട്ട് സ്പോട്ടുകൾ കണ്ടെത്തും. വിചാരണക്കേസുകൾ കൃത്യമായി മുന്നോട്ടുകൊണ്ടുപോകും.
പോലീസിന്റെ ആരോഗ്യം പ്രധാനം
പോലീസുകാരുടെ ജോലിസമ്മർദം കുറയ്ക്കാനുള്ള കാര്യങ്ങൾക്കും മുൻതൂക്കം നൽകും. ജോലി കൃത്യമായി വിഭജിച്ചുനൽകുന്നതിൽ ശ്രദ്ധയുണ്ടാകും. പോലീസുകാരുടെ ശാരീരികാരോഗ്യ കാര്യങ്ങൾക്കും പ്രാധാന്യം നൽകും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group