കല്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ച് തിരിച്ചുവരവിന്റെ പാതയിലാണ് വയനാട് വിനോദസഞ്ചാരമേഖല. വിസിറ്റ് വയനാട് കാമ്പയിനുൾപ്പെടെയുള്ള പ്രചാരണപരിപാടികൾ ഫലംചെയ്തെന്ന സൂചനയാണ് ക്രിസ്മസ്-പുതുവത്സര അവധിക്കാലം നൽകുന്നത്. കഴിഞ്ഞ ഓണക്കാലത്ത് വലിയ ആളാരവങ്ങളില്ലാതെപോയ സ്ഥാനത്ത് ഇക്കുറി സഞ്ചാരികളെത്തിത്തുടങ്ങി. 2023-ലെ ക്രിസ്മസ് അവധിക്കാലത്തെയപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണം കുറവാണ്. 2024-ലെ ഓണക്കാലത്തെയപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തിൽ വർധനയുമുണ്ടായി.
2024-ൽ ക്രിസ്മസ് പുതുവത്സരാഘോഷത്തിനായി ഡിസംബർ 21 മുതൽ 31 വരെയുള്ള പത്തുദിവസംകൊണ്ട് ഡി.ടി.പി.സി.യുടെ കേന്ദ്രങ്ങളിലെത്തിയത് 1,11,415 പേരാണ്. 63,08,445 രൂപ വരുമാനവും ലഭിച്ചു. 2023-ൽ ഇതേ സീസണിൽ 1.28 ലക്ഷം വിനോദസഞ്ചാരികളാണെത്തിയത്. വയനാടൻ വിനോദഞ്ചാരമേഖലയുടെ പെരുമയുയരുകയും ഓരോ സീസണിലും സഞ്ചാരികളുടെ എണ്ണം കൂടിവരുന്നതിനുമിടെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തമാണ് എല്ലാ മേഖലയെയുംപോലെ വിനോദസഞ്ചാരമേഖലയെ പുറകോട്ടുവലിച്ചത്. ‘വയനാട് ഉരുൾപൊട്ടൽ ദുരന്തം’ എന്ന പ്രചാരണം സഞ്ചാരികളുടെ ഒഴുക്കിനെ ബാധിച്ചു. വയനാട് സുരക്ഷിതമെന്ന കാമ്പയിനുകളടക്കം നടത്തിയതിന്റെ ഫലമായാണ് വിനോദസഞ്ചാരമേഖല വീണ്ടും തിരിച്ചുവരവിന്റെ പാതയിലെത്തിയത്.
ബാണാസുരയിലും കുറവ്
ചുരംകയറിയെത്തുന്ന സഞ്ചാരികളുടെ പ്രിയകേന്ദ്രമായ ബാണാസുരസാഗർ ഡാമിലും 2023-ലെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണം കുറഞ്ഞു. 2024 ഡിസംബർ 21 മുതൽ 31 വരെ 64,318 പേരാണ് ഡാം സന്ദർശിച്ചത്. 63,13,062 രൂപയാണ് വരുമാനം. 2023-ൽ ഇതേ സീസണിൽ 77,826 പേരാണ് ഡാം സന്ദർശിച്ചത്. 1.30 കോടിരൂപയോളം വരുമാനവും ലഭിച്ചിരുന്നു. 2023-ൽ ക്രിസ്മസ് സീസണിൽ പ്രതിദിനം പതിനായിരത്തിനടുത്ത് സഞ്ചാരികളെത്തിയിരുന്നിടത്ത് ഇപ്പോൾ 5000-ത്തിനും 6000-ത്തിനുമിടയിലായി ചുരുങ്ങി. 2024 ഡിസംബർ 28-നാണ് ബാണാസുരയിൽ ഏറ്റവുംകൂടുതൽ സഞ്ചാരികളെത്തിയത്- 9207 പേർ.
കാരാപ്പുഴ ഡാമിലും ഇത്തവണ സഞ്ചാരികളുടെ എണ്ണം കുറവാണ്. 2023-ൽ 66,832 പേരാണ് ക്രിസ്മസ്-പുതുവത്സര സീസണിൽ കാരാപ്പുഴയിലെത്തിയത്. ഇത്തവണ അത് 62,375 ആയിക്കുറഞ്ഞു. 17,03,070 രൂപയാണ് വരുമാനം.
കൂടുതൽപ്പേരും മൈസൂരുവിലേക്ക്
സ്കൂൾ-കോളേജ് വിദ്യാർഥികളുടെ വിനോദയാത്രയിലും ഭൂരിഭാഗവും വയനാടൊഴിവാക്കി മറ്റിടങ്ങളിലേക്കുപോകുന്നതും ആളുകുറയാൻ കാരണമായിട്ടുണ്ട്. മറ്റു ജില്ലകളിൽനിന്നുള്ള സ്കൂൾ വിനോദയാത്രാസംഘങ്ങൾ ഭൂരിഭാഗവും മൈസൂരു, ബെംഗളൂരു, കൂർഗ് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പോകുന്നത്. മുൻപ് മറ്റുജില്ലകളിൽനിന്നെത്തുന്നവർ ഒരുദിവസം വയനാട്ടിൽ തങ്ങി വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിച്ചശേഷമാണ് മൈസൂരുവിലേക്കും ബെംഗളൂരുവിലേക്കും പോയിരുന്നത്. ഉരുൾപൊട്ടലുണ്ടായശേഷമാണ് വയനാട് ഒഴിവാക്കിപ്പോകുന്ന പ്രവണതയുണ്ടായതെന്നും വിനോദസഞ്ചാരമേഖലയിൽ പ്രവർത്തിക്കുന്നവർ പറഞ്ഞു.
കൂടുതൽ പ്രചാരണങ്ങളിലേക്ക്
കൂടുതൽ സഞ്ചാരികളെയെത്തിക്കുകയെന്ന ലക്ഷ്യത്തോടെ 20-ന് ഹൈദരാബാദിലും 22-ന് ചെന്നൈയിലും 24-ന് ബെംഗളൂരുവിലും വയനാട് ടൂറിസം ഓർഗനൈസേഷന്റെ നേതൃത്വത്തിൽ റോഡ് ഷോകൾ നടക്കും. ട്രാവൽമാർട്ടുകൾ ഉൾപ്പെടെയുള്ളവയ്ക്കൊപ്പം വിനോദസഞ്ചാരമേഖലയ്ക്ക് പ്രതീക്ഷ നൽകുന്നതാണ് വയനാട്ടിലെ തണുത്ത കാലാവസ്ഥ. ക്രിസ്മസ്-പുതുവത്സര തിരക്കിൽനിന്നുമാറി വയനാട്ടിലെ തണുപ്പാസ്വദിക്കാൻ കൂടുതൽപ്പേരെത്തുമെന്നാണ് പ്രതീക്ഷ. പുതുവത്സരാഘോഷ തിരക്കൊഴിഞ്ഞപ്പോൾ തണുപ്പുതേടിവരുന്നവരുടെ എണ്ണം കൂടിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group