എടക്കാട് : സർക്കാർ ജോലി സ്വപ്നംകണ്ട് നടക്കുന്നവർക്ക് ആശ്രയമാവുകയാണ് കിഴുന്നയിലെ സൗജന്യ കരിയർ പരിശീലന കേന്ദ്രം. 2001 ജനുവരിയിൽ ആരംഭിച്ച ഈ കേന്ദ്രത്തിലൂടെ പരിശീലനംനേടിയ 300 ഓളം പേർ സർക്കാർ ജോലിയിൽ പ്രവേശിച്ചു. ഇതിൽ അഞ്ചുപേർ സർവ്വീസിൽനിന്ന് വിരമിച്ചു. ഒരുവീട്ടിൽ ഒരാൾക്ക് സർക്കാർ ജോലി ഉറപ്പാക്കുന്നതിനായാണ് കേന്ദ്രം പ്രവർത്തനം തുടങ്ങിയത്.
സാധാരണക്കാരും കൂലിപ്പണിക്കാരും ഇവിടെനിന്ന് പരിശീലനം നേടി സർക്കാർ ജോലിയിൽ പ്രവേശിച്ചു. വിവിധ വകുപ്പുകളിൽ ഉയർന്ന ജോലിയിൽ പ്രവേശിച്ചവരുമുണ്ട്.
റിട്ട. അധ്യാപകൻ ജനു ആയിച്ചാൻകണ്ടി, നാവികസേനയിൽനിന്ന് വിരമിച്ച മോഹൻദാസ് എന്നിവർ ചേർന്നാണ് ആരംഭിച്ചത്. കിഴുന്ന ആലിങ്കൽ സന്നിധാനത്തിന് സമീപം പ്രവർത്തിക്കുന്ന കേന്ദ്രത്തിന്റെ കെട്ടിടം സൗജന്യമായാണ് ഉടമ നൽകിയത്.
50 പേരടങ്ങുന്ന പരിശീലനാർഥികൾ നിത്യേന ഇവിടെ എത്തി പരിശീലനം നേടുന്നു. പൊതുവിജ്ഞാനമുൾപ്പെടെ എല്ലാ വിഷയങ്ങളും ഇവിടെ കൈകാര്യംചെയ്യുന്നു. രജതജൂബിലിയുടെ ഉദ്ഘാടനം തഹസിൽദാർ വി. ഷിനു നിർവഹിച്ചു. ജനു ആയിച്ചാൻകണ്ടി അധ്യക്ഷനായി.
സിറ്റി എസ്.ഐ. ധന്യ ബിനോയ്, ടി. മോഹൻദാസ്, എം.സി. സദാനന്ദൻ, പി.വി. വിനോദൻ, സത്യൻ എടക്കാട്, എം. വിനോദൻ, എ. പ്രകാശ്, പി.വി. സജിത്ത് എന്നിവർ സംസാരിച്ചു. ക്വിസ് മത്സരം, കൗതുകമത്സരം, കലാപരിപാടികൾ എന്നിവയുണ്ടായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group