ഗതാഗതനിയമങ്ങൾ ലംഘിച്ചാൽ ലൈസൻസിൽ ഇനി ‘ബ്ലാക്ക് മാർക്ക്’ വീഴും. ആറുതവണ നിയമം ലംഘിച്ചാൽ ഒരുവർഷത്തേക്ക് ലൈസൻസ് റദ്ദാകും. ഇതിനുള്ള പ്രാരംഭചർച്ചകൾ ഗതാഗതവകുപ്പ് ആരംഭിച്ചു. ഡിജിറ്റൽ ലൈസൻസാണ് ഇപ്പോൾ സംസ്ഥാനത്ത് നൽകുന്നത്. അതിനാൽ ഇത്തരം കാര്യങ്ങൾ നടപ്പാക്കുന്നത് എളുപ്പമാകുമെന്നാണ് ഗതാഗതവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
പുതുതായി ലൈസൻസ് എടുക്കുന്നവർക്ക് രണ്ടുവർഷം ‘പ്രൊബേഷൻ’ പീരിയഡ് നൽകാനും ആലോചനയുണ്ട്. ഡ്രൈവിങ് പഠിച്ച് ആദ്യ ഒരുവർഷം അവർ ഓടിക്കുന്ന വാഹനത്തിൽ ‘പി-1’ എന്ന് രേഖപ്പെടുത്തിയ സ്റ്റിക്കർ പതിപ്പിക്കണം. രണ്ടാംവർഷം വാഹനത്തിൽ ‘പി-2’ എന്ന സ്റ്റിക്കറും.
മറ്റു ഡ്രൈവർമാർക്ക് സ്റ്റിക്കർ കണ്ട്, വാഹനം ഓടിക്കുന്നയാളുടെ ഡ്രൈവിങ് പരിചയം മനസ്സിലാക്കാനാണിത്. പ്രൊബേഷൻ പീരിയഡിൽ 10 തവണ ഗതാഗതനിയമംലംഘിച്ചാൽ ലൈസൻസ് റദ്ദാക്കപ്പെടും. വാഹനം ഓടിച്ച് പഠിക്കുമ്പോൾ നിയമലംഘന സാധ്യത കൂടുതലാണ്. അതിനാലാണ് 10 തവണവരെ ഇളവ്. ആദ്യം മുന്നറിയിപ്പ് നൽകും. പിന്നീടാണ് നടപടി.
വാഹനം ഓടിക്കുന്നതിൽ ശ്രദ്ധയും അച്ചടക്കവും ഇല്ലാത്തതാണ് മിക്ക അപകടങ്ങൾക്കും കാരണം. ഇതിന് പരിഹാരം കാണാനാണ് പുതിയ പദ്ധതികളെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പറഞ്ഞു.
കേരളത്തിൽ ലൈസൻസ് കിട്ടാത്ത അതിർത്തി ജില്ലകളിലുള്ളവർ തമിഴ്നാട്ടിൽപോയി ലൈസൻസ് എടുക്കുന്ന രീതി കൂടിയിട്ടുണ്ട്. ലൈസൻസ് കൊടുക്കുന്നതിനു മുമ്പ് ഇക്കാര്യത്തിൽ പരിശോധന നടത്തണമെന്ന് തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group