കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് പോലീസ്. വിശ്വാസവഞ്ചനയ്ക്കുള്ള കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് മൃദംഗ വിഷന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ പോലീസ് മരവിപ്പിച്ചത്. നൃത്ത പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഈ അക്കൗണ്ടുകള്‍ വഴിയാണ് നര്‍ത്തകരില്‍നിന്ന് പണം സ്വീകരിച്ചത് ഈ ബാങ്ക് അക്കൗണ്ടുകള്‍ മുഖേനയാണ്.
അതേസമയം, മൃദംഗ വിഷന്റെ ഡയറക്ടര്‍ നിഗോഷ് കുമാര്‍ ഇന്ന് പോലീസിന് മുന്നില്‍ കീഴടങ്ങും. നിഗോഷ് കുമാറാണ് എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നതെന്ന് നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത മൃദംഗ വിഷന്‍ സി.ഇ.ഒ. പോലീസിന് മൊഴി നല്‍കിയിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിക്ക് പാലാരിവട്ടം പൊലീസിന് മുമ്പാകെ ഹാജരാകണമെന്നാണ് നിഗോഷ് കുമാറിന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയത്. എത്തിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം.
മൃദംഗ വിഷന്റെ സാമ്പത്തിക ഇടപാടുകളെല്ലാം പരിശോധിക്കുകയാണ് പോലീസ്. മെഗാ ഭരതനാട്യപരിപാടിയുമായി ബന്ധപ്പെട്ട് 550 നൃത്താധ്യാപകരാണ് ഭാഗമായത്. 3600 രൂപയാണ് ഓരോ നര്‍ത്തകരില്‍നിന്നും പിരിച്ചെടുത്തത്. ഈ തുക മാത്രം നാല് കോടിയിലേറെയുണ്ടാകും. മൃദംഗ വിഷന് കൂടുതല്‍ അക്കൗണ്ടുകള്‍ ഉണ്ടോയെന്നും പോലീസ് പരിശോധന നടത്തുകയാണ്. നൃത്താധ്യാപകര്‍ പണം കൈമാറിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
ഉമ തോമസ് എം.എല്‍.എയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ നിഗോഷ് കുമാറിനോടും മൂന്നാം പ്രതിയായ ഓസ്‌കാര്‍ ഇവന്റ് മാനേജ്‌മെന്റ് ഉടമ തൃശ്ശൂര്‍ പൂത്തോള്‍ സ്വദേശി പി.എസ്. ജനീഷിനോടും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ വ്യാഴാഴ്ച ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഇവരെ ചോദ്യം ചെയ്ത ശേഷമാകും മറ്റുള്ളവരെ വിളിപ്പിക്കുക. പണം ഈടാക്കുന്നതിന് നൃത്താധ്യാപകരടക്കം ചില ഇടനിലക്കാരുണ്ടായെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇവരെയും ചോദ്യം ചെയ്‌തേക്കും. എ. ഷമീര്‍, പരിപാടിക്ക് ക്രമീകരണങ്ങള്‍ ഒരുക്കിയ ഇവന്റ്‌സ് ഇന്ത്യ പ്രൊപ്രൈറ്റര്‍ വാഴക്കാല സ്വദേശി കൃഷ്ണകുമാര്‍, താത്കാലിക വേദി തയ്യാറാക്കിയ മുളന്തുരുത്തി സ്വദേശി ബെന്നി എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ഇടക്കാല ജാമ്യത്തിലാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group