കല്പറ്റ : മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള ടൗൺഷിപ്പ് നിർമാണത്തിനായി കണ്ടെത്തിയ ഭൂമികളിലെ സർവേ പൂർത്തിയായി. കല്പറ്റ എൽസ്റ്റൺ ടീ എസ്റ്റേറ്റ് ഭൂമിയിലെ മരങ്ങളുടെയും കാർഷികവിളകളുടെയും കണക്കെടുപ്പും ബുധനാഴ്ച തുടങ്ങി. റവന്യു, സർവേ, വനം, കൃഷി വകുപ്പുകളുടെ നേതൃത്വത്തിലാണ് കണക്കെടുപ്പ്. ഓരോവകുപ്പിലെയും പ്രതിനിധികൾ ഉൾപ്പെടുന്ന ആറുപേരടങ്ങുന്ന 10 ഗ്രൂപ്പുകളായിത്തിരിഞ്ഞാണ് കണക്കെടുപ്പുനടത്തുന്നത്. വില്ലേജ് ഓഫീസർമാർക്കാണ് ഓരോഗ്രൂപ്പിന്റെയും ചുമതല.
മരങ്ങൾ എണ്ണിത്തിട്ടപ്പെടുത്തി നമ്പറിടുന്ന നടപടികളാണ് ഇപ്പോൾ നടക്കുന്നത്. കാർഷികവിളകളുടെ എണ്ണവും കണക്കാക്കുന്നുണ്ട്. ഒരുഗ്രൂപ്പ് അഞ്ചുഹെക്ടർ സ്ഥലം അടയാളപ്പെടുത്തിനൽകും. അഞ്ചുദിവസത്തിനകം പൂർത്തിയാക്കാനാണ് തീരുമാനം. മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പ് സ്പെഷ്യൽ ഓഫീസർ ഡോ. ജെ.ഒ. അരുൺ, എ.ഡി.എം. കെ. ദേവകി, എൽ.എ. ഡെപ്യൂട്ടി കളക്ടർ പി.എം. കുര്യൻ, സ്പെഷ്യൽ തഹസിൽദാർ ബി. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് കണക്കെടുപ്പ്.
എൽസ്റ്റൺ എസ്റ്റേറ്റിൽ 58.5 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ടെങ്കിലും പാറക്കെട്ടുകൾ, ചെരിഞ്ഞപ്രദേശങ്ങൾ തുടങ്ങി പുനരധിവാസത്തിനും നിർമാണത്തിനും അനുയോജ്യമല്ലാത്ത ഭാഗങ്ങൾ ഒഴിവാക്കിയാൽ 48 ഹെക്ടറോളം സ്ഥലമാണ് പുനരധിവാസത്തിനായി ലഭ്യമാക്കുകയെന്നാണ് കണക്കാക്കുന്നത്.
ടൗൺഷിപ്പിനായിത്തന്നെ കണ്ടെത്തിയ മറ്റൊരുഭൂമിയായ എച്ച്.എം.എൽ. കമ്പനിയുടെ നെടുമ്പാല എസ്റ്റേറ്റിലെ സർവേനടപടികൾ പൂർത്തിയായി.
സ്കെച്ച് തയ്യാറാക്കുന്നതുൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്.
എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിലെ മരങ്ങളുടെയും കാർഷികവിളകളുടെയും കണക്കെടുപ്പ് പൂർത്തിയായാൽ നെടുമ്പാല എസ്റ്റേറ്റിലെ കണക്കെടുപ്പ് തുടങ്ങുമെന്ന് അധികൃതർ പറഞ്ഞു. ഏറ്റെടുക്കാത്ത ഭൂമിയിൽ പ്ലാന്റേഷൻ മുന്നോട്ടുകൊണ്ടുപോകാൻ അനുമതിനൽകും.
വിലനിശ്ചയിക്കൽ, നഷ്ടപരിഹാരം കണക്കാക്കൽ
കണക്കെടുപ്പ് പൂർത്തിയായിക്കഴിഞ്ഞാൽ വനംവകുപ്പിന്റെയും കൃഷിവകുപ്പിന്റെയും നേതൃത്വത്തിൽ വിലനിശ്ചയിക്കൽ തുടങ്ങും. കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ കൈമാറ്റംചെയ്യപ്പെട്ട ഭൂമികളുടെ ആധാരം പരിശോധിച്ച് സമാനസ്വഭാവമുള്ള ആധാരങ്ങളുടെ ശരാശരിയെടുത്ത് ഭൂമിയുടെ വിലയും നിശ്ചയിക്കും. ഭൂമിവിലയോടൊപ്പം മരങ്ങളുടെയും കാർഷികവിളകളുടെയും വിലയും കൂട്ടിയശേഷമാണ് നഷ്ടപരിഹാരത്തുക നിശ്ചയിക്കുക.
ഭൂമിയേറ്റെടുക്കുന്നതിനായുള്ള നടപടികൾ സർക്കാർ നേരത്തേ തുടങ്ങിയിരുന്നു. ഇതിനിടെയാണ് ഭൂമിയേറ്റെടുക്കുന്നതിനെതിരേ എസ്റ്റേറ്റ് ഉടമകളായ ഹാരിസൺ മലയാളം ലിമിറ്റഡും എൽസ്റ്റൺ ടീ എസ്റ്റേറ്റും ഹർജിനൽകിയത്. എസ്റ്റേറ്റ് ഉടമകളുടെ ഹർജി ഡിസംബർ 27-ന് ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് ഭൂമിയേറ്റെടുക്കൽ നടപടികൾ വീണ്ടും വേഗത്തിലായത്. എസ്റ്റേറ്റുടമകൾക്ക് 2013-ലെ ഭൂമിയേറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരം നൽകുകയും വേണം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group