പെരുവണ്ണാമൂഴി : മനുഷ്യ-വന്യജീവി സംഘർഷം നിയന്ത്രിക്കാൻ ബഹുമുഖപദ്ധതികൾ നടപ്പാക്കാൻ വനംവകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും നാശനഷ്ടങ്ങൾക്ക് അതിവേഗത്തിൽ നഷ്ടപരിഹാരം നൽകുമെന്നും വനംമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. പെരുവണ്ണാമൂഴിയിലെ വനംവകുപ്പിന്റെ വനിതാ ബാരക്ക് കെട്ടടത്തിന്റെയും മറ്റു പദ്ധതികളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ പെരുവണ്ണാമൂഴി, കക്കയം, കുറ്റ്യാടി, ആനക്കാംപൊയിൽ, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിൽ അഞ്ച് സാറ്റലൈറ്റ് ആർ.ആർ.ടി. തുടങ്ങുമെന്ന് മന്ത്രി വ്യക്തമാക്കി. ഇവർക്കായി ഒരു ജീപ്പ്, ഒരു കേമ്പർ, പത്ത് ബൈക്ക് എന്നിവ നൽകിയിട്ടുണ്ട്.
ജനവാസമേഖലകളിൽ വന്യജീവികളെ തടയാൻ സൗരോർജവേലികൾ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കാൻ മിഷൻ ഫെൻസിങ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പെരുവണ്ണാമൂഴി റെയ്ഞ്ചിൽ 19.65 കിലോമീറ്റർ ദൂരത്തിലും കുറ്റ്യാടി റേഞ്ചിൽ ഏഴുകിലോമീറ്റർ ദൂരത്തിലും താമരശ്ശേരി റെയ്ഞ്ചിൽ എട്ടുകിലോമീറ്റർ ദൂരത്തിലും സൗരോർജ വേലികൾ അറ്റകുറ്റപ്പണി നടത്തുന്നുണ്ട്.
ജില്ലയിൽ സൗരോർജവേലിക്കായി നബാർഡ് സഹായത്തോടെ 29 പദ്ധതികളിൽ ഉൾപ്പെടുത്തി 2.72 കോടിരൂപയുടെ പ്രവൃത്തികൾ ടെൻഡറായി. രാഷ്ട്രീയ കൃഷി വികാസ് യോജനപദ്ധതിയിൽ കൃഷി വകുപ്പിന്റെ സഹകരണത്തോടെ തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിൽ 16 കിലോമീറ്റർ ദൂരത്തിൽ 1.24 കോടി രൂപ ചെലവിൽ സൗരോർജ തൂക്കുവേലി സ്ഥാപിക്കാനും കരാർ നൽകി. വനംവകുപ്പ് വാഹനങ്ങളുടെ ഫ്ളാഗ് ഓഫ്, സൗരോർജവേലി നിർമാണം, പട്ടികവർഗ ഉന്നതികളിൽ സ്ഥാപിച്ച ലൈബ്രറികൾ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ടി.പി. രാമകൃഷ്ണൻ എം.എൽ.എ. അധ്യക്ഷയായി.
ഉത്തരമേഖലാ സി.സി.എഫ്. കെ.എസ്. ദീപ, ഡി.എഫ്.ഒ. യു. അഷിഖ് അലി, ഫ്ളയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ. വി.പി. ജയപ്രകാശ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി, പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസർ രജനി മുരളീധരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. ചന്ദ്രി, കെ.പി. വനജ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. സുനിൽ, പി. സുരയ്യ, ആദർശ് ജോസഫ്, ബിന്ദു ജോൺസൺ, പഞ്ചായത്തംഗങ്ങളായ എം.എം. പ്രദീപൻ, കെ.എ. ജോസുകുട്ടി തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group