കോതമംഗലം : കല്ലാർകുട്ടി ഡാമിൽനിന്ന് ഒഴുകിയെത്തിയ ചെളിവെള്ളം നീക്കം ചെയ്യാനായി കൂടുതലായി തുറന്ന ഭൂതത്താൻകെട്ട് ഡാമിന്റെ ഷട്ടറുകൾ തിങ്കളാഴ്ച ഉച്ചയ്ക്ക് 12-ഓടെ അടച്ചു. ഞായറാഴ്ച രാവിലെ ഡാമിന്റെ 11 ഷട്ടർ തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. കുടിവെള്ള പദ്ധതികളുടെ പ്രവർത്തനം നിലച്ചതോടെ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടത് പ്രതിഷേധത്തിനും ഇടയാക്കി.
ഡാമിലെ വെള്ളത്തിന്റെ ചെളിഅംശവും ജലനിരപ്പ് താഴ്ന്ന് കുടിവെള്ള പദ്ധതിയെ ബാധിച്ചതുമായ കാര്യം സംബന്ധിച്ച് മാതൃഭൂമി തിങ്കളാഴ്ച വിശദമായ വാർത്ത നൽകിയിരുന്നു. ഡാമിൽനിന്ന് തുറന്നുവിടുന്ന ജലത്തിന്റെ അളവ് കുറഞ്ഞതോടെ പിണ്ടിമന പഞ്ചായത്തിലെ ഉൾപ്പെടെ കുടിവെള്ള പദ്ധതികൾക്ക് ആവശ്യത്തിന് വെള്ളം കിട്ടുന്നില്ലെന്ന പരാതിയും ഉയർന്നു.
ഞായറാഴ്ച പുലർച്ചെ മുതലാണ് പെരിയാറിലെ വെള്ളത്തിന് നിറവ്യത്യാസം കണ്ടത്. കലങ്ങിമറിഞ്ഞ് ഒഴുകിയ നദീജലത്തിൽ ചെളിയുടെ അംശം കൂടിയതോടെ ജല അതോറിറ്റിയുടെ കുടിവെള്ള പദ്ധതികൾക്ക് പമ്പിങ് നടത്തുക ബുദ്ധിമുട്ടായി. കല്ലാർകുട്ടി ഡാമിൽനിന്നുള്ള കട്ട ചെളികലർന്ന വെള്ളം ലോവർ പെരിയാർ ജലവൈദ്യുത പദ്ധതിയുടെ കരിമണൽ പവർ ഹൗസിലൂടെ വൈദ്യുതി ഉത്പാദനം കഴിഞ്ഞ് പെരിയാറിലേക്കാണ് തുറക്കുന്നത്. പെരിയാറിലെ ചെളിവെള്ളം കാരണം പമ്പിങ് നിലച്ചതോടെ കവളങ്ങാട്, കുട്ടംപുഴ, കീരംപാറ, പിണ്ടിമന തുടങ്ങിയ പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടിരുന്നു.
ഭൂതത്താൻകെട്ട് ഡാമിന്റെ ഷട്ടർ ഉച്ചയ്ക്ക് അടച്ചെങ്കിലും വൈകീട്ടോടെ പെരിയാറിലെ ജലനിരപ്പ് കാര്യമായി ഉയരാത്തത് മൂലം പമ്പിങ് പുനരാരംഭിക്കാനായില്ല.
കീരംപാറ പഞ്ചായത്തിലേക്ക് കുടിവെള്ളം പമ്പ് ചെയ്യുന്ന തട്ടേക്കാട് പമ്പ് ഹൗസിന് പുറത്ത് പെരിയാർതീരത്തെ ചെറിയ കിണറിലേക്ക് വെള്ളം കുറഞ്ഞതോതിലേ എത്തിയുള്ളൂ.
പമ്പ് ഹൗസ് കിണറിൽ വെള്ളം എത്തിത്തുടങ്ങിയതോടെ രാത്രി എട്ടോടെയാണ് പമ്പിങ് പുനരാരംഭിക്കാനായത്. ചെളിവെള്ളം നിർവീര്യമാക്കാൻ പെരിയാർവാലി അധികാരികളുടെ ആവശ്യപ്രകാരം കെ.എസ്.ഇ.ബി.എൽ. ഇടമലയാർ വൈദ്യുതി പദ്ധതിയിൽ ഉത്പാദനം കൂട്ടി പെരിയാറിലേക്ക് കൂടുതൽ വെള്ളം തുറന്നു വിട്ടു. വൈകീട്ടോടെയാണ് തെളിഞ്ഞ വെള്ളം ഭൂതത്താൻകെട്ടിലേക്ക് എത്തിയത്.
പെരിയാറിലെ ജലനിരപ്പ് താഴ്ന്ന് കീരംപാറ പഞ്ചായത്തിലെ കുടിവെള്ളം മുട്ടിയതിൽ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധവുമായി ഭൂതത്താൻകെട്ട് പെരിയാർവാലി ഓഫീസിൽ എത്തിയിരുന്നു. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയറുമായി പ്രതിഷേധക്കാർ നടത്തിയ ചർച്ചയെ തുടർന്ന് ഉച്ചയോടെ ഡാമിന്റെ രണ്ടെണ്ണം ഒഴിച്ച് ബാക്കി ഷട്ടർ അടച്ചു.
പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.സി. ചാക്കോ, മെംബർമാരായ ജിജോ ആന്റണി, സിനി ബിജു, അൽഫോൻസ സാജു, ലിസി ജോസ്, പൊതുപ്രവർത്തകരായ എം.എസ്. ശശി, കെ.ഒ. കുര്യാക്കോസ് എന്നിവർ സംബന്ധിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group