കൊല്ലം :ശ്രീനാരായണഗുരുവിനെ ആത്മീയാചാര്യനായും വിപ്ളവകാരിയായും സാമൂഹിക പരിഷ്കർത്താവായും വിശേഷിപ്പിക്കുമ്പോൾ ഗുരുവിന്റെ ഈശ്വരീയതയെക്കുറിച്ച് ആരും പറയുന്നില്ലെന്ന് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കുമാരനാശാൻ ദേഹവിയോഗ ശതാബ്ദി ആചരണവും മെറിറ്റ് അവാർഡ് വിതരണവും യോഗനാദം പ്രത്യേക പതിപ്പ് പ്രകാശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ, ശ്രീനാരായണഗുരു റിട്ടയേർഡ് ടീച്ചേഴ്സ് കൗൺസിൽ, എസ്.എൻ.കോളേജ് സ്റ്റാഫ് അസോസിയേഷൻ, പി.ടി.എ. എന്നിവയുടെ നേതൃത്വത്തിൽ എസ്.എൻ.കോളേജിലായിരുന്നു പരിപാടി.
ഗുരുദേവൻ ആരാണെന്ന് അദ്ദേഹംതന്നെ പറഞ്ഞിട്ടുണ്ട്. നമുക്ക് ഗുരു ദൈവമാണ്. ഗുരുവിന്റെ അനുഗ്രഹം നേടിയ ഒട്ടേറെ വിശ്വാസികളുണ്ട്. ആ ഈശ്വരീയതയെക്കുറിച്ചുള്ള ചർച്ച എങ്ങും ഉണ്ടാകുന്നില്ല. തന്റെ കൃതികളിലൂടെ ഗുരു ആരാണെന്ന് പറഞ്ഞിട്ടുണ്ട്. അത് അറിയാനും അറിയിക്കാനും പ്രചരിപ്പിക്കാനുംകൂടി ഗുരുവിശ്വാസികൾ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലത്ത് സർക്കാരിന്റെ ശ്രീനാരായണഗുരു സാംസ്കാരികനിലയമുണ്ട്. അവിടെ ഗുരുവിന്റെ പുതിയ പ്രതിമ സ്ഥാപിക്കാമെന്നു പറഞ്ഞിട്ട് വർഷം മൂന്നായി. സർക്കാരിന് താത്പര്യമില്ലെങ്കിൽ എസ്.എൻ.ഡി.പി.യോഗം അത് ചെയ്തുകൊടുക്കാമെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീനാരായണഗുരുവിന്റെ ആശയങ്ങളുടെ കാവ്യരൂപമാണ് കുമാരനാശാനിലൂടെ കണ്ടതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡോ. ജോർജ് ഓണക്കൂർ പറഞ്ഞു. കാവ്യഭാഷയെ തനിക്കുമാത്രം സാധ്യമായ വിധത്തിൽ മാറ്റിപ്പണിത ഉജ്ജ്വലനായ ഭാഷാശില്പികൂടിയായിരുന്നു ആശാൻ. പ്രണയത്തിലൂടെ നമ്മുടെ സമൂഹഘടനയെ ഒന്നാകെ ഉടച്ചുവാർക്കുന്ന സൂക്ഷ്മവും തീക്ഷ്ണവുമായ സ്വാതന്ത്ര്യവാഞ്ഛ 'ലീല'യിൽ ഉണ്ടായിരുന്നു. അസാമാന്യമായ കാവ്യോർജത്തിന്റെ പ്രസരം ഉള്ളതായിരുന്നു കുമാരനാശാന്‍റെ കൃതികൾ-അദ്ദേഹം പറഞ്ഞു.
എസ്.എൻ.ഡി.പി.യോഗം കൗൺസിലർ പി.സുന്ദരൻ, ശ്രീനാരായണാ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.വി.മനോജ്, മലയാളവിഭാഗം മേധാവി ഡോ. നിത്യ പി.വിശ്വം, എംപ്ലോയീസ് കൗൺസിൽ കോഡിനേറ്റർ പി.വി.രജിമോൻ, സംസ്ഥാന പ്രസിഡന്റ് ഡോ. എസ്.വിഷ്ണു, സെക്രട്ടറി ഡോ. ആർ.വി.സുമേഷ്, ടീച്ചേഴ്സ് കൗൺസിൽ സെക്രട്ടറി ഡോ. കെ.വി.സനൽകുമാർ, എംപ്ലോയീസ് ഫോറം പ്രസിഡന്റ് എസ്.അജുലാൽ തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group