മേപ്പയ്യൂർ: കീഴരിയൂർ പഞ്ചായത്ത് കോരപ്ര-പൊടിയാടി പുഴയോരത്തിന് ജലസൗഹൃദവിനോദസഞ്ചാരത്തിന്റെ അനന്തസാധ്യതകളാണ് മുന്നിലുള്ളത്. നിറയെ കണ്ടൽത്തുരുത്തുകളും കിലോമീറ്ററുകളോളം പുഴത്തീരവും ഏക്കറുകളോളം തെങ്ങിൻതോപ്പുകളുമടക്കം സ്ഥിതിചെയ്യുന്ന ഇവിടം പരിസ്ഥിതിസൗഹൃദ വികസനപ്രവർത്തനങ്ങൾ ഇനിയും എത്തേണ്ടതുണ്ട്.
നെല്യാടിഭാഗത്തുനിന്നും കോരപ്ര ഭാഗത്തുനിന്നുമുള്ള ഷിക്കാരകളടക്കമുള്ള ജലസഞ്ചാരനൗകകൾ ഈ ഭാഗത്തുകൂടി കടന്നുപോവുന്നുണ്ട്. ഒരു സ്വകാര്യ കമ്പനിയുടെ ബോട്ടുജെട്ടിയും ഇവിടെ പ്രവർത്തനസജ്ജമാണ്. പുഴയുടെ ഇരുഭാഗങ്ങളും അഴിമുഖസ്പർശിയായ രീതിയിലുള്ളതിനാൽ മികച്ച യാത്രാനുഭവമാണ് ഓരോയാത്രികനും അനുഭവിക്കാനാവുക.
നൂറിലധികം ഏക്കറുകളുള്ള പ്രകൃതിദത്ത തെങ്ങിൻതോപ്പുകളും കണ്ടൽത്തീരങ്ങളും മറ്റൊരാകർഷണമാണ്. ജലവിനോദസഞ്ചാര ആകർഷണത്തിന്റെ പ്രത്യേകത കാരണം സായാഹനങ്ങളിൽ ഒട്ടേറെ സഞ്ചാരികൾ ഇവിടെയെത്തുന്നുണ്ട്.
കല്ലോട്കല്ല്... മുഖ്യ ആകർഷണം
ഈ പുഴയോരത്തിന് സമീപം സ്ഥിതിചെയ്യുന്ന കല്ലോട്കല്ല് എന്ന ഭൂഭാഗം അപൂർവ ജീവിവർഗങ്ങളുടെയും ആകർഷകമായ ഉരുളൻശിലകളുടെയും കേന്ദ്രമാണ്. അത്യപൂർവമായ നാടൻമത്സ്യജാലങ്ങളും ഇവിടെയുണ്ട്. പരമ്പരാഗതമത്സ്യത്തൊഴിലാളികൾ വെള്ളവലിക്കൽ എന്ന മത്സ്യബന്ധനരീതി ഇപ്പോഴും ഇവിടെ ചെയ്യുന്നുണ്ട്. കരിമീൻ, കൊഞ്ച്, ഞണ്ട്, ചെമ്പല്ലി തുടങ്ങിയ മത്സ്യ ഇനങ്ങൾ ഇവിടെ സുലഭമായുണ്ട്.
ഇവിടെയുള്ള കണ്ണങ്കടവ് ഭാഗം പഴയകാല ജലഗതാഗതത്തിന് പ്രസിദ്ധമായ ഭാഗമാണ്. മൂന്നുകിലോമീറ്ററുകൾ നീണ്ട കണ്ടൽക്കാടുകളിൽ അപൂർവ പക്ഷിജാലങ്ങൾ നിറഞ്ഞ ഇടമാണ്. പഴയകാലത്ത് തേങ്ങ സംസ്കരിക്കാൻവേണ്ടി പണികഴിപ്പിച്ച സ്വകാര്യഉടമസ്ഥതയിലുള്ള വലിയ തേങ്ങാക്കൂടകൾ ഇപ്പോഴുമുണ്ടിവിടെ. 60 വർഷത്തിലധികം പഴക്കമുള്ള പൂർണമായും മരത്തിൽ പണികഴിപ്പിച്ച ഈ എടുപ്പുകൾ ഈ പ്രദേശത്തിന്റെമാത്രം പ്രത്യേകതയാണ്. ഒട്ടേറെ സ്വകാര്യബംഗ്ലാവുകളും ഈ പുഴത്തീരത്തുണ്ട്.
ഈ ഭാഗത്തുനിന്ന് നടക്കൽപ്പാലം വഴി തുറയൂർ പഞ്ചായത്തിലെ പയ്യോളിചീർപ്പ് വരെയുള്ള മൂന്നുകിലോമീറ്റർദൂരം സഞ്ചാരികളെ ആകർഷിക്കുന്ന ഇടമാണ്.
സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിലെ കണ്ടൽക്കാടുകൾ പുയോരത്തിന്റെ അഴക് വല്ലാതെ മിഴിവുറ്റതാക്കുന്നുമുണ്ട്. മികച്ചരീതിയിൽ ജലസൗഹൃദ ടൂറിസം മാതൃകയിൽ പുഴത്തീരത്തിന് അനുസൃതമായി ഒരു ടൂറിസം മാസ്റ്റർപ്ലാൻ തയ്യാറാക്കേണ്ടതുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group