കണ്ണൂർ : ഭാര്യ-ഭർതൃ ബന്ധത്തിലെ പ്രശ്നങ്ങളിൽ കുട്ടികളെ ബലിയാടാക്കുന്ന രീതി അംഗീകരിക്കാനാകില്ലെന്ന് വനിതാ കമ്മിഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷ. കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ സിറ്റിങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അവർ.
ഭാര്യയുമായുള്ള ഭിന്നതയുടെപേരിൽ സ്വന്തം കുട്ടികളെ ശാരീരികമായും മനസികമായും തകർക്കുന്ന സമീപനം കൂടുന്നു. രക്ഷകർത്താക്കളുടെ ഉത്തരവാദിത്വബോധത്തെക്കുറിച്ച് മറ്റുള്ളവർ പറഞ്ഞുകൊടുക്കേണ്ട അവസ്ഥ മാറണം. ദാമ്പത്യജീവിതത്തിലെ അഭിപ്രായഭിന്നതകളെ ഔചിത്യബോധത്തോടെ സമീപിക്കാൻ സമൂഹത്തെ പ്രാപ്തരാക്കണം.
ഗാർഹിക പീഡനം, സ്വത്തുതർക്കം, വഴി തടസ്സം, സ്വർണം പണയംവെക്കാൻ വാങ്ങിയിട്ട് തിരിച്ചുകൊടുക്കാത്ത പരാതികൾ, സാമ്പത്തിക ഇടപാട് തുടങ്ങിയ പരാതികളാണ് പ്രധാനമായും ലഭിച്ചതെന്നും അവർ പറഞ്ഞു.
സിറ്റിങ്ങിൽ പരിഗണിച്ച 77 പരാതികളിൽ 15 എണ്ണം തീർപ്പാക്കി. ആറ് പരാതികൾ പോലീസിന്റെ റിപ്പോർട്ടിനായി അയച്ചു. മൂന്നെണ്ണം ജില്ലാ നിയമസഹായ അതോറിറ്റിയുടെ സഹായം ലഭിക്കുന്നതിനും മൂന്നെണ്ണം ജാഗ്രതാസമിതിയുടെ റിപ്പോർട്ടിനായും അയച്ചു. 50 പരാതികൾ അടുത്ത സിറ്റിങ്ങിൽ പരിഗണിക്കും. സിറ്റിങ്ങിൽ നാല് പുതിയ പരാതികൾ ലഭിച്ചു.
അഭിഭാഷകരായ ചിത്തിര ശശിധരൻ, പദ്‌മജ പദ്‌മനാഭൻ, കൗൺസലർ അശ്വതി രമേശൻ എന്നിവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group