കോഴിക്കോട് : മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ വിടവാങ്ങുമ്പോൾ ബാക്കിയാകുന്നത് എഴുതിയ വാക്കുകളും സൃഷ്ടിച്ച പ്രപഞ്ചങ്ങളും മാത്രമാണെന്ന് മാവൂർറോഡ് സ്മൃതിപഥം ശ്മശാനത്തിൽ ചേർന്ന അനുശോചനയോഗം.
നിളയുടെ തീരത്തെ കൂടല്ലൂർ എന്ന കുഞ്ഞുഗ്രാമത്തിൽനിന്ന് ഒഴുകിത്തുടങ്ങി മലയാളിയുടെ പല തലമുറകളിലേക്ക് പ്രവഹിച്ച നദിയായിരുന്നു എം.ടി. വള്ളുവനാടൻ ഭാഷയെ അതിന്റെ തനിമയോടെ പുനഃസൃഷ്ടിക്കുകയും അന്യംനിന്നുപോകുന്ന ജീവിതസംസ്കാരത്തെ അഭിമാനത്തോടെയും എം.ടി. അവതരിപ്പിച്ചു.
നോവലുകൾ എഴുതിയപ്പോൾ ഭാവനയുടെ കാൻവാസുകൾ വികസിക്കുകയും അവ ഇതിഹാസങ്ങളുടെ മൗനങ്ങളെ വരെച്ചെന്ന് തൊടുകയും ചെയ്തു. എം.ടി. പത്രാധിപരായപ്പോൾ കാലത്തിന് മുന്നേ നടന്നു, പുതിയ ശബ്ദങ്ങളെ തിരിച്ചറിഞ്ഞു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ താളുകളിലൂടെ അവയെ മലയാള സർഗാത്മകതയുടെ നാളെകൾക്കായി സമർപ്പിച്ചു.
എം.ടി. എന്ന രണ്ടക്ഷരം ഭാഷയുടെയും ഭാഷാസ്നേഹത്തിന്‍റെയും എഴുത്തിന്‍റെയും ആഴമുള്ള മൗനത്തിന്റെയും തിളങ്ങുന്ന പര്യായമായി മലയാളമുള്ളിടത്തോളം നമുക്കിടയിലുണ്ടാകുമെന്നും പ്രമേയത്തിൽ പറഞ്ഞു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അനുശോചനപ്രമേയം അവതരിപ്പിച്ചു.
മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, എം.ബി. രാജേഷ്, രാമചന്ദ്രൻ കടന്നപ്പള്ളി, എം.പി.മാരായ എം.കെ. രാഘവൻ, എ.എ. റഹീം, ഷാഫി പറമ്പിൽ, എം.എൽ.എ.മാരായ തോട്ടത്തിൽ രവീന്ദ്രൻ, കെ. നന്ദകുമാർ, ടി. സിദ്ദിഖ്, അൻവർ സാദത്ത്, മേയർ ഡോ. എം. ബീനാ ഫിലിപ്പ്, സി.പി.എം. ജില്ലാസെക്രട്ടറി പി. മോഹനൻ, ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ, എം.എൻ. കാരശ്ശേരി, ബെന്യാമിൻ, കെ.പി. രാമനുണ്ണി, ആലങ്കോട് ലീലാകൃഷ്ണൻ, ടി.വി. ബാലൻ, ടി.പി.എം. ജിഷാൻ, എ. പ്രദീപ്കുമാർ, വിനോദ് കോവൂർ, പോൾ കല്ലാനോട്, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, സി.എച്ച്. ഹമീദ് തുടങ്ങിയവർ സംസാരിച്ചു. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group