ശ്രീകണ്ഠപുരം : സമുദ്രനിരപ്പിൽനിന്ന് 4500 അടി ഉയരത്തിൽ 4124 ഏക്കർ പ്രദേശത്ത് പരന്നുകിടക്കുന്ന പൈതൽമല ഇനി സ്ത്രീസൗഹൃദ ടൂറിസം കേന്ദ്രമാകും. സ്ത്രീകൾ മാത്രമടങ്ങുന്ന യാത്രാസംഘങ്ങൾക്ക് സുരക്ഷിതമായി സഞ്ചരിക്കുന്നതിനും താമസിക്കുന്നതിനും ട്രക്കിങ് ഉൾപ്പെടെയുള്ള യാത്രാനുഭവങ്ങൾ തേടുന്നതിനുമുള്ള സൗകര്യങ്ങളൊരുക്കും.
സജീവ് ജോസഫ് എം.എൽ.എ.യുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിന് മുന്നോടിയായി ജനുവരി അഞ്ചിന് സ്ത്രീസംരംഭകരുടെ രാജ്യത്തെ ആദ്യ സംഘടനായ വിമൻ ചേംബർ ഓഫ് കൊമേഴ്സ് സംഘം ഇരിക്കൂറിലെത്തി എം.എൽ.എ.യുമായി ചർച്ച നടത്തും.
ടൂറിസം മേഖലയിലെ വനിതാസംരംഭകരും സസ്റ്റൈനബിൾ ടൂറിസം സ്റ്റാർട്ടപ്പ് ഉടമകളും വിമൻ ഒൺലി ടൂർ ഓപ്പറേറ്റർമാരും സംഘത്തിലുണ്ടാകും. ഇരിക്കൂറിലെ ടൂറിസം മേഖലയിൽനിന്നുള്ളവരും ചർച്ചയിൽ പങ്കെടുക്കും. ഭാവിയിൽ പൈതൽമലയിലേക്ക് സഞ്ചാരപ്രേമികളായ സ്ത്രീകളെ എത്തിക്കുന്നതിന് വിമൻ ചേംബർ മുൻകൈയെടുക്കും. 'പൈതൽമല-വിമൻ സേഫ്റ്റി ഡെസ്റ്റിനേഷൻ' എന്ന കാംപയിനും സംഘടന ഏറ്റെടുത്ത് നടത്തും.
സ്ത്രീസംരംഭകർ മാത്രമുള്ള രാജ്യത്തെ ആദ്യ ട്രേഡ് സംഘടനയാണ് വിമൻ ചേംബർ ഓഫ് കൊമേഴ്സ്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ അഫിലിയേഷനുള്ള സംഘടനയിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള സ്ത്രീസംരംഭകർ, പ്രൊഫഷണലുകൾ, ടൂർ ഓപ്പറേറ്റർമാർ, സ്റ്റാർട്ടപ്പ് മേധാവികൾ തുടങ്ങിയ അംഗങ്ങളുണ്ട്.
ഇന്നത്തെ കാലത്ത് ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകളുടെയും സ്ത്രീകൾ മാത്രമായുള്ള സഞ്ചാര ഗ്രൂപ്പുകളും കൂടിവരികയാണെന്നും ഇതിന്റെ ഭാഗമായാണ് വിമൻ ചേംബർ ഓഫ് കൊമേഴ്സ് പ്രധന ടൂറിസം കേന്ദ്രങ്ങളെ സ്ത്രീസൗഹൃദമാക്കാനുള്ള ശ്രമം നടത്തുന്നതെന്നും സജീവ് ജോസഫ് എം.എൽ.എ. പറഞ്ഞു.
പൈതൽമലയോടൊപ്പം ഇരിക്കൂർ നിയോജക മണ്ഡലത്തിലെ സമീപടൂറിസം കേന്ദ്രങ്ങളായ പാലക്കയംതട്ട്, കാപ്പിമല തുടങ്ങിയ സ്ഥലങ്ങളെയും സ്ത്രീ സൗഹൃദമാക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
ഇരിക്കൂർ ടൂറിസം സർക്യൂട്ട്
ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ടൂറിസം വികസനം ലക്ഷ്യമാക്കി പാലക്കയംതട്ട്, പൈതൽമല, കാഞ്ഞിരക്കൊല്ലി, കാപ്പിമല ടൂറിസം കേന്ദ്രങ്ങൾ സംയോജിപ്പിച്ചുള്ള ഇരിക്കൂർ ടൂറിസം സർക്യൂട്ട് പദ്ധതിയുടെ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
പൈതൽമല, പാലക്കയംതട്ട്, കാഞ്ഞിരക്കൊല്ലി, കാപ്പിമല, കാലാങ്കി തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിൽ അടിസ്ഥാനസൗകര്യ വികസനം ഉറപ്പുവരുത്താൻ കർമപദ്ധതികളാണ് ആദ്യഘട്ടമെന്ന നിലയിൽ നടത്തുക.
വനം വകുപ്പുമായി ചേർന്നാണ് വികസനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. പാലക്കയംതട്ടിൽ 3.5 കോടി രൂപയുടെയും പൈതൽമല, കാപ്പിമല മേഖലയിൽ ഒരുകോടി രൂപയുടെയും ബൃഹദ്‌പദ്ധതിയാണ് ടൂറിസം വകുപ്പും വനം വകുപ്പും തയ്യാറാക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group