കോയിപ്രം : ജനങ്ങളുടെ ജീവിതനിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് സർക്കാർ സംവിധാനങ്ങൾ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കോയിപ്രം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന് ശില ഇടുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വാർഷിക പദ്ധതി വിഹിതത്തിൽനിന്ന് 1.38 കോടി രൂപ വകയിരുത്തിയാണ് പുതിയ കെട്ടിടനിർമാണം.
മൂന്ന് നിലകളുള്ള കെട്ടിടത്തിൽ താഴത്തെ നിലയിൽ മൂന്ന് ക്ലാസ് മുറികൾ, ശുചിമുറികൾ എന്നിവയും ആദ്യനിലയിൽ ഓഫീസ് റൂം, മൂന്ന് ക്ലാസ് മുറികൾ, ശുചിമുറികൾ എന്നിവയും രണ്ടാമത്തെ നിലയിൽ രണ്ട് ഹൈസ്‌കൂൾ ലാബ്, ഒരുഹയർസെക്കൻഡറി ലാബ്, സ്റ്റോർ എന്നിവയും ഉണ്ടാകും.
ലിഫ്റ്റ് സ്ഥാപിക്കുന്നതിനുള്ള സൗകര്യവുമുണ്ട്. അടുത്ത അധ്യയനവർഷത്തിന് മുമ്പ് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പി.ടി.എ. വൈസ് പ്രസിഡന്റ് എം.ആർ.ബിജു, ഭാര്യ ശ്രീദേവി എന്നിവർ മരണാന്തരം ഭൗതികശരീരം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിനായി വിട്ടുനൽകികൊണ്ടുള്ള സമ്മതപത്രവും മന്ത്രിക്ക് കൈമാറി.
ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു, കോയിപ്രം പഞ്ചായത്ത് പ്രസിഡന്റ് പി.സുജാത, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം അനീഷ് കുന്നപ്പുഴ, പഞ്ചായത്ത് അംഗങ്ങളായ എം.കെ.ഓമനക്കുട്ടൻ നായർ, അനില കുമാരി, ബിജു വർക്കി, കെ.എസ്.ഐ.ഇ. ചെയർമാൻ പീലിപ്പോസ് തോമസ്, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ വി.കെ.ജാസ്മിൻ, പി.ടി.എ. പ്രസിഡന്റ് എം.ജി.സുനിൽ കുമാർ, എ.ഇ.ഒ. സി.വി. സജീവ്, പ്രിൻസിപ്പൽ ഒ.പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group