കൊയിലാണ്ടി : പ്രധാന ഇടത്തരം നഗരങ്ങളിൽ കരകൗശലവികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ നടന്നിരുന്ന വിപണനമേളകൾ ഇല്ലാതായതോടെ മേഖലയിൽ തൊഴിലെടുക്കുന്ന നൂറുകണക്കിന് തൊഴിലാളികൾക്ക് തിരിച്ചടിയായി.
പ്രധാന നഗരങ്ങളിൽ നടക്കുന്ന വിപണനമേളകളിലാണ് വലിയതോതിൽ കരകൗശല ഉത്പന്നങ്ങൾ വിപണനം നടക്കുക. കരകൗശല തൊഴിലാളികൾ ഒറ്റയ്ക്കും കൂട്ടായും നിർമിക്കുന്ന കരകൗശല ഉത്പന്നങ്ങൾ വിറ്റൊഴിക്കാനുള്ള പ്രധാനകേന്ദ്രങ്ങളാണ് മേളകൾ. മേളകളിൽ സ്റ്റാളിട്ടാൽ വലിയതോതിൽ കച്ചവടം നടക്കും. അതുകൊണ്ടുതന്നെ മേളയിൽ പങ്കെടുക്കാൻ കരകൗശല തൊഴിലാളികൾക്കും ഇഷ്ടമാണ്. പക്ഷേ, കരകൗശലവികസന കോർപ്പറേഷൻ മേള നടത്തുന്നത് നഷ്ടമാണെന്നുപറഞ്ഞ് മേളകൾ സംഘടിപ്പിക്കുന്നതിൽനിന്ന് പിൻവാങ്ങുകയാണെന്ന് കരകൗശല തൊഴിലാളിയായ ചേമഞ്ചേരി കൈഞ്ഞിലശ്ശേരി ബാലകൃഷ്ണൻ കൈലാസ് പറയുന്നു.
മേളകളില്ലാതായതോടെ ഉത്പന്നങ്ങൾ എങ്ങനെ വിറ്റൊഴിക്കുമെന്ന ആധിയിലാണ് പല കരകൗശല തൊഴിലാളികളും. ദിവസങ്ങളോളം അധ്വാനിച്ചാണ് ഓരോ ഉത്പന്നവും നിർമിക്കുന്നത്. ഉത്പന്നങ്ങൾ വിറ്റുതീരുന്നില്ലെങ്കിൽ കുടുംബം പട്ടിണിയാവുന്ന അവസ്ഥയിലാണ് തൊഴിലാളികളുടെ ജീവിതം.
കരകൗശല ഉത്പന്നങ്ങളുടെ നിർമാണത്തിൽ വർഷങ്ങളുടെ പ്രവർത്തനപരിചയമുള്ള ബാലകൃഷ്ണൻ കൈലാസ് മേശകളിലും ടീപ്പോയികളിലും വെക്കുന്ന മനോഹരമായ ഫ്ളവർവെയിസുകൾ ഉണ്ടാക്കുകയാണിപ്പോൾ. വിവിധ പാർട്ടികളുടെയും സംഘടനകളുടെയും കൊടികളുടെ നിറവ്യത്യസങ്ങൾക്കനുസരിച്ചും ഇദ്ദേഹം അലങ്കാരപാത്രങ്ങൾ നിർമിക്കുന്നുണ്ട്. ഇതിന് ആവശ്യക്കാരേറെയാണെന്ന് ബാലകൃഷ്ണൻ പറയുന്നു. വൂഡൻ സ്റ്റിക്ക് ഉപയോഗിച്ചാണ് ഇത്തരം പൂച്ചട്ടികൾ നിർമിക്കുന്നത്.
കരകൗശല ഉത്പന്നങ്ങൾ നിർമിക്കാനുപയോഗിക്കുന്ന വസ്തുക്കളുടെ വിലക്കയറ്റവും ഈ മേഖലയിലുള്ളവർക്ക് തിരിച്ചടിയാവുകയാണ്. മാസങ്ങൾ ഇടവിട്ട് സംസ്ഥാനത്തിന്റെ വിവിധമേഖലകളിൽ കരകൗശല വിപണനമേളകൾ സംഘടിപ്പിച്ചാൽ തൊഴിലാളികൾക്ക് അവർ നിർമിക്കുന്ന ഉത്പന്നങ്ങൾ വിറ്റൊഴിക്കാനുള്ള അവസരം ലഭിക്കും. സ്വന്തമായി വിപണന സ്റ്റാളുകളുള്ളവർക്ക് തങ്ങളുണ്ടാക്കുന്ന വസ്തുക്കൾ വിൽക്കാൻ അവസരം ലഭിക്കും. അല്ലാത്തവരുടെ കാര്യമാണ് കഷ്ടം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group