കിഴക്കമ്പലം : കടമ്പ്രയാർ ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കൗൺസിലിന്റെ (ഡി.എം.സി.) നേതൃത്വത്തിൽ കടമ്പ്രയാർ ഇക്കോ ടൂറിസം പദ്ധതി പ്രദേശത്ത് നൂതനപദ്ധതികൾ ആരംഭിച്ച് വിനോദസഞ്ചാരത്തിന് ഊന്നൽ നൽകാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി തീരം കഫേ ശനിയാഴ്ച പ്രവർത്തനം ആരംഭിക്കും. ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് 5-ന് ജി.സി.ഡി.എ. മുൻ ചെയർമാൻ സി.എൻ. മോഹനൻ നിർവഹിക്കുമെന്ന് പി.വി. ശ്രീനിജിൻ എം.എൽ.എ. പത്രസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ ഏറ്റവും മികച്ച പരിസ്ഥിതി സൗഹൃദ ഹരിത വിനോദസഞ്ചാര ഇടനാഴിയായി കടമ്പ്രയാർ പുഴയോരത്തെ മാറ്റുന്നതിനും കൂടുതൽ വിനോദസഞ്ചാരാധിഷ്ഠിത സംരംഭങ്ങളും പ്രാദേശിക തൊഴിലവസരങ്ങളും വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഡി.എം.സി. ചെയർമാൻകൂടിയായ എം.എൽ.എ. പറഞ്ഞു. വിവിധ സ്വകാര്യ സ്ഥാപനങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കിയുള്ള മാതൃകയാകും നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പി.വി. ശ്രീനിജിൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. ഡി.എം.സി. ഭരണസമിതി അംഗങ്ങളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. കടമ്പ്രയാർ ഇക്കോ ടൂറിസം പദ്ധതിയിൽ വിവിധ ആസ്തികളുടെ നവീകരണത്തിന്റെ ഭാഗമായി ആദ്യ സോൺ എന്ന നിലയിലാണ് കടമ്പ്രയാർ പഴങ്ങനാടുള്ള റസ്റ്ററന്റ് നവീകരിച്ച് തീരം കഫേയാക്കുന്നത്. ഉദ്ഘാടനത്തിനു ശേഷം പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ജനുവരി ഒന്നു വരെ എല്ലാ ദിവസവും വിവിധ കലാപരിപാടികളും കുടുംബശ്രീയുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന ഗ്രാമീണ ഉത്പന്ന വിപണനമേളയും സംഘടിപ്പിച്ചിട്ടുണ്ട്. പ്രവേശനം സൗജന്യമായിരിക്കും.
കടമ്പ്രയാർ ഇക്കോ ടൂറിസം പദ്ധതിയുടെ സോൺ രണ്ടിൽ മനയ്ക്കക്കടവ് മുതൽ പഴങ്ങനാട് വരെയുള്ള രണ്ട് തൂക്കുപാലങ്ങളെയും ബന്ധിപ്പിച്ച് നടപ്പാത നവീകരിച്ച് മാതൃകാ ഹരിത ഇടനാഴിയായി സൗന്ദര്യവത്കരിക്കുന്ന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. കൃഷിവകുപ്പുമായി സഹകരിച്ച് ഫാം ടൂറിസം പദ്ധതിയും പരിഗണനയിലുണ്ട്. ഉല്ലാസ ബോട്ടുയാത്രകൾ ആരംഭിക്കാൻ തത്പരരായ ടൂറിസം സംരംഭകരുടെ സഹകരണത്തോടെ കടമ്പ്രയാർ ബോട്ട് ക്ലബ് ജനുവരിയിൽ യാഥാർഥ്യമാകും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group