മുളന്തുരുത്തി : മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിൽ യാക്കോബായ-ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. സംഭവത്തിൽ മുളന്തുരുത്തി എസ്.എച്ച്.ഒ. മനേഷ് പൗലോസിനും മറ്റൊരു പോലീസുദ്യോഗസ്ഥനും പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം.
ഇരുവിഭാഗത്തിന്റെയും പെരുന്നാൾ പ്രദക്ഷിണദിനമായിരുന്നു വെള്ളിയാഴ്ച. ഓർത്തഡോക്‌സ് പക്ഷം ആരാധന നടത്തുന്ന മാർത്തോമ്മൻ പള്ളിയുടെ മുന്നിലൂടെ യാക്കോബായ പക്ഷം തങ്ങളുടെ ചാപ്പലിലേക്ക് പ്രദക്ഷിണമായി പോയപ്പോഴാണ് പ്രശ്നങ്ങളാരംഭിച്ചത്. പ്രദക്ഷിണം കടന്നുപോകുന്ന സമയത്ത് മാർത്തോമൻ പള്ളിയിൽ ഓർത്തഡോക്‌സ് പക്ഷം ഉച്ചത്തിൽ വാദ്യോപകരണങ്ങളുപയോഗിച്ചു. പ്രദക്ഷിണം നടക്കുമ്പോൾ മറുവിഭാഗം വാദ്യോപകരണങ്ങളുപയോഗിക്കുകയോ ഒച്ചയിടുകയോ ചെയ്യാൻ പാടില്ലെന്നായിരുന്നു ധാരണ. ഓർത്തഡോക്‌സ് പക്ഷം ഇത് ലംഘിച്ചതായി മുളന്തുരുത്തി എസ്.എച്ച്.ഒ. മനേഷ് പൗലോസിനോട് യാക്കോബായപക്ഷം പരാതിപ്പെട്ടു.
പ്രദക്ഷിണം കടന്നുപോകുമ്പോൾ 25 മിനിറ്റ് വാദ്യഘോഷങ്ങളടക്കം നിർത്തിവയ്ക്കണമെന്ന കരാർ ലംഘിക്കരുതെന്ന് പള്ളിയിലെത്തി ഓർത്തഡോക്‌സ് പക്ഷത്തുള്ളവരോട് എസ്.എച്ച്.ഒ. അറിയിച്ചു. ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ചിലർ എസ്.എച്ച്.ഒ.യെയും കൂടെയുണ്ടായിരുന്ന പോലീസുദ്യോഗസ്ഥനെയും ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പുത്തൻകുരിശിൽ നിന്നും കൂടുതൽ പോലീസും റൂറൽ എസ്.പി.യും രാത്രിതന്നെ സ്ഥലത്തെത്തിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group