ചെറുതോണി : ഇടുക്കി സർക്കാർ നഴ്സിങ് കോളേജിന് ആവശ്യമായ കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തണമെന്നും വിദ്യാർഥിനികൾക്ക് താമസിക്കാൻ സൗകര്യപ്രദമായ ഹോസ്റ്റൽ നൽകണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥികൾ മെഡിക്കൽ കോളേജിന് മുമ്പിൽ സമരം നടത്തി.
കോളേജ് യൂണിയന്റെയും സ്റ്റുഡന്റ് നഴ്സസ് അസോസിയേഷന്റെയും (എസ്.എൻ.എ.) കേരള ബി.എസ്‌സി. നഴ്സിങ് സ്റ്റുഡൻസ് അസോസിയേഷന്റെയും (കെ.ബി.എസ്.എൻ.എ.) നേതൃത്വത്തിൽ സംഘടിപ്പിച്ച സമരം യൂണിയൻ ചെയർപേഴ്സൺ ജെഫി സാറാ ജോൺസണും കെ.ബി.എസ്.എൻ.എ. യൂണിറ്റ് പ്രസിഡന്റ് അലീന ജോണും ചേർന്ന് ഉദ്ഘാടനം ചെയ്തു.
2023 നവംബർ ഒന്നിന് തുടങ്ങിയ നഴ്‌സിങ് കോളേജിന് ഒരുവർഷമായിട്ടും സ്വന്തമായി കെട്ടിടങ്ങളോ ഓഫീസ് സൗകര്യങ്ങളോ ഇല്ല.
മെഡിക്കൽ കോളേജിന്റെ സൗകര്യങ്ങൾ പരിമിതമായി ഉപയോഗപ്പെടുത്തിയാണ് നഴ്‌സിങ് വിദ്യാർഥികൾക്ക് ക്ലാസുകൾ നല്കുന്നത്. ആദ്യ ബാച്ച് വിദ്യാർഥികളിലെ പെൺകുട്ടികൾ മെഡിക്കൽ കോളേജ് കാമ്പസിന് സമീപമുള്ള സ്വകാര്യ ഹോസ്റ്റലിലും ആൺകുട്ടികൾ മൂന്ന് കിലോമീറ്റർ അകലെ പേയ്ങ് ഗസ്റ്റായുമാണ് താമസിക്കുന്നത്.
പുതിയ ബാച്ച് എത്തിയ സാഹചര്യത്തിൽ അവിടെയും സൗകര്യങ്ങൾ പരിമിതമാണ്. ഹോസ്റ്റൽ ഫീസ് ഇനത്തിൽ 5000 രൂപ മാസംതോറും ഇവരിൽ നിന്ന് ഈടാക്കുന്നു. പെൺകുട്ടികളുടെ ഹോസ്റ്റലിലെ വൃത്തിഹീനമായ ആഹാരവും ഇടുങ്ങിയ താമസസ്ഥലവും കുട്ടികളെ പ്രതിസന്ധിയിലാക്കുന്നു. പഠനം നടത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നിലവിലില്ല. അത്യാവശ്യമായ ലാബ്, ലൈബ്രറി, ടോയ്‌ലറ്റ്, കോളേജ് ബസ് ഒന്നും ഏർപ്പെടുത്തിയില്ല.
രണ്ടു വർഷത്തിനുള്ളിൽ സ്വന്തമായ കെട്ടിടവും ഹോസ്റ്റലും ഒരുക്കേണ്ടത് അഫിലിയേഷന്റെ തുടർച്ചയ്ക്ക് ആവശ്യമാണ്. മറ്റു പല മെഡിക്കൽ കോളേജിലും നഴ്‌സിങ് കോളേജിലും ഹോസ്റ്റൽ സൗകര്യം അനുവദിച്ചിരിക്കുന്നത് പോലെ ഇടുക്കിയിലും വേണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു. ഡിസംബർ 31 -നു മുമ്പ് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്കു നീങ്ങാനാണ് തീരുമാനം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group