അടിമാലി : ജനങ്ങളുടെ വ്യക്തിഗതപ്രശ്നങ്ങൾക്ക് പരിഹാരം കാണുകയെന്നതാണ് 'കരുതലും കൈത്താങ്ങും' അദാലത്തിന്റെ ലക്ഷ്യമെന്നും അത് സർക്കാരിന്റെ നയമാണെന്നും ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അടിമാലി ഗവ.ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ദേവികുളം താലൂക്കുതല പരാതിപരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സഹകരണ-ദേവസ്വം തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. പരാതിപരിഹാര അദാലത്തിലൂടെ സാധാരണക്കാരുടെ ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. അഡ്വ. എ. രാജ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. കളക്ടർ വി. വിഗ്നേശ്വരി, സബ് കളക്ടർ വി.എം. ജയകൃഷ്ണൻ, എ.ഡി.എം. ഷൈജു പി.ജേക്കബ്, ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ അഡ്വ. ഭവ്യ കണ്ണൻ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. നാരായണൻ, മൂന്നാർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ദീപ രാജ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
ആകെ ലഭിച്ചത് 313 പരാതികൾ
:ദേവികുളം താലൂക്കിലെ 'കരുതലും കൈത്താങ്ങും' പരാതിപരിഹാര അദാലത്തിൽ ആകെ ലഭിച്ചത് 313 പരാതികൾ. 131 പരാതികളിൽ തീരുമാനമെടുത്തതായി ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അദാലത്തിനുശേഷം സഹകരണ-ദേവസ്വം-തുറമുഖം വകുപ്പുമന്ത്രി വി.എൻ. വാസവനൊപ്പം പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. അദാലത്തിൽ 69 പരാതികളിൽ മന്ത്രിമാർ നേരിട്ടും 62 പരാതികളിൽ വകുപ്പുതലത്തിലുമാണ് തീരുമാനമെടുത്ത്. 13 പേർക്ക് അദാലത്ത് വേദിയിൽ ആനുകൂല്യങ്ങൾ വിതരണം ചെയ്തു.
ഡിസംബർ 21-ന് പീരുമേട്-കുടുംബസംഗമം ഓഡിറ്റോറിയം കുട്ടിക്കാനം (രാവിലെ 10 മുതൽ), 23-ന് ഉടുമ്പഞ്ചോല-സെയ്ന്റ് സെബാസ്റ്റ്യൻസ് പാരിഷ് ഹാൾ നെടുങ്കണ്ടം (രാവിലെ 10 മുതൽ), ഇടുക്കി-പഞ്ചായത്ത് ടൗൺഹാൾ, ചെറുതോണി (ഉച്ചയ്ക്ക് ഒരുമണി മുതൽ), ജനുവരി ആറിന് തൊടുപുഴ-മർച്ചൻറ് ട്രസ്റ്റ് ഹാൾ (രാവിലെ 10 മുതൽ) എന്നിങ്ങനെയാണ് അദാലത്ത് ക്രമീകരിച്ചിരിക്കുന്നത്.
പൊതുജനങ്ങൾക്ക് അക്ഷയകേന്ദ്രങ്ങൾ വഴിയോ, ഓൺലൈൻ വഴി നേരിട്ടോ പരാതികളും അപേക്ഷകളും നൽകാം. karuthal.kerala.gov.in വഴി ഓൺലൈനായി അപേക്ഷ സ്വീകരിക്കും. പേര്, വിലാസം, മൊബൈൽ നമ്പർ, ജില്ല, താലൂക്ക് എന്നിവ പരാതിയിൽ ഉൾപ്പെടുത്തണം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group