പുത്തൂർ :വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ‘കർഷകയ്ക്ക് കൈത്താങ്ങ്’ കേരളത്തിനാകെ മാതൃകയാണെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. കുളക്കട ഗ്രാമപ്പഞ്ചായത്തിലെ മാവടിയിൽ പദ്ധതിയുടെ ബ്ലോക്ക്തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ദീർഘവീക്ഷണവും കൂട്ടായ പരിശ്രമവും ചേരുമ്പോഴാണ് ഏതു പദ്ധതിയും ജനകീയമാകുന്നത്. ബ്ലോക്ക് പഞ്ചായത്തിലെ കാർഷികമേഖലയെ ‘സമഗ്ര കൊട്ടാരക്കര’യുടെ ഭാഗമാക്കി വികസനം നടപ്പിലാക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വെട്ടിക്കവല ബ്ലോക്കിലെ ആറു പഞ്ചായത്തുകളായ പവിത്രേശ്വരം, കുളക്കട, മൈലം, മേലില, വെട്ടിക്കവല, ഉമ്മന്നൂർ എന്നിവിടങ്ങളിലെ 114 വാർഡുകളിൽനിന്നു ഗ്രാമപ്പഞ്ചായത്ത് ലിസ്റ്റിൽ ഉൾപ്പെട്ട 114 പേർക്കാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ആനുകൂല്യം ലഭിക്കുക.
ഒരാൾക്ക് ഒരു പശുക്കിടാവ്, രണ്ട് ആടുകൾ, 25 കോഴിക്കുഞ്ഞുങ്ങൾ, പച്ചക്കറിത്തൈകൾ, കിഴങ്ങുവിത്തുകൾ എന്നിവയും തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി കാലിത്തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്, അസോള ടാങ്ക്, തീറ്റപ്പുൽക്കൃഷി എന്നിവയുമാണ് ലഭിക്കുക.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രഞ്ജിത്ത്കുമാർ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ദിവ്യാ ചന്ദ്രശേഖർ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ സജി കടുക്കാല, വി.രാധാകൃഷ്ണൻ, ഷീബ ചെല്ലപ്പൻ, ജില്ലാപഞ്ചായത്ത് അംഗം ബ്രിജേഷ് എബ്രഹാം, കുളക്കട ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബി.ബീന, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷരായ ബെൻസി, സിനി ജോസ്, എ.അജി എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group