കാസർകോട് : ജില്ലയിൽ ഒരു സ്ഥിരം പ്രദർശനമൈതാനം (എക്സ്‌പോ ഗ്രൗണ്ട്) ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ കെ. ഇമ്പശേഖർ പറഞ്ഞു. ‘നമ്മുടെ കാസ്രോട്’ പരിപാടിയുടെ ഭാഗമായി വനിതാസംരംഭകരുമായുള്ള മുഖാമുഖത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ എല്ലാ വനിതാസംരംഭകരെയും ഉൾപ്പെടുത്തി ഒരു ക്ലസ്റ്ററും അവർക്ക് പ്രത്യേകമായി വ്യവസായ എസ്റ്റേറ്റുകൾ രൂപവത്കരിക്കണമെന്നും ആവശ്യമുയർന്നു. ജില്ലയിൽ പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നതിനായി സ്ഥലലഭ്യത കുറവാണെന്നും സ്ഥിരം എക്സ്പോ ഗ്രൗണ്ടിന് നടപടി വേണമെന്നും സംരംഭകർ അഭിപ്രായപ്പെട്ടു. തുടർന്നാണ് കളക്ടർ അനുകൂല മറുപടി നൽകിയത്. അനന്തപുരം വ്യവസായ ഏരിയയിൽ ഉയരവിളക്ക് സ്ഥാപിക്കുന്നതിന് ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർക്ക് നിർദേശം നൽകി. തൊഴിലാളികൾക്ക് സൗകര്യപ്രദമായ സമയക്രമവും അവരുടെ ഏകദേശ കണക്കും പരിശോധിച്ച് അനന്തപുരം വ്യവസായ ഏരിയയിലേക്ക് ബസ് സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു. ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ആവശ്യകതകളും നേരിടുന്ന പ്രശ്‌നങ്ങളും വിശദമാക്കി അപേക്ഷ സമർപ്പിക്കാനും നിർദേശം നൽകി.
അങ്കണവാടികളിലേക്കും വിദ്യാലയങ്ങളിലേക്കും ഗുണമേന്മയേറിയ തേൻ വിതരണം ചെയ്യാൻ ഫാർമർ പ്രൊഡ്യൂസർ കമ്പനികളെ ചുമതലപ്പെടുത്തിയാൽ അത് നിരവധി കർഷകർക്ക് പ്രയോജനപ്പെടുമെന്ന നിർദേശവും വന്നു.
കളക്ടറേറ്റ് വീഡിയോ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ തുളുനാട് ഇക്കോ ഗ്രീൻ എഫ്.പി.സി. പ്രതിനിധി അന്നമ്മ ജോസ്, സ്വാതി ഓഫ്സെറ്റ് പ്രിന്റിങ് പ്രസിലെ പദ്‌മാവതി, ഹുദാ ഹോം മേഡ് പ്രൊഡക്ട്‌സ് ഉടമ മറിയാമ്മ, ബി.ആർ. ഹോം മേഡ് പ്രൊഡക്ട്‌സിന്റെ ബേബി രാഘവൻ, കെയ്ക്ക് ആർട്ടിസ്റ്റ് ഹംദ സലീം, പ്രിന്റിങ് സംരംഭക ഷിഫാനി മുജീബ്, എം.വി.ഐ. ഫ്ളവേഴ്സ് ഉടമ എം. അരുണാക്ഷി, ഉമ ഗാർമെന്റ്സ് ഉടമ പി.കെ. ഉമാവതി, ഗ്രാനൈറ്റ് ഉദ്യോഗ് ഉടമ സി. ബിന്ദു, താമ ഹണീ ആൻഡ് ബീ ഫാം ഉടമ ഏലിയാമ്മ ഫിലിപ്പ്, എം.എ. കെയർ കോർണർ ഉടമ പി.എ. സീനത്ത്, റീയൂസബിൾ സാനിറ്ററി പാഡ് സംരംഭക രാജി ഷിനോയ്, പ്ലൈവുഡ് ഇൻഡസ്ട്രി സംരംഭക ഫാമിദ തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group