പുല്പള്ളി : പൊതുവിതരണ കേന്ദ്രങ്ങൾവഴി സബ്‌സിഡിയോടെ സാധനങ്ങൾ കുറഞ്ഞനിരക്കിൽ നൽകിക്കൊണ്ട്, സർക്കാർ കൃത്യമായി ഇടപെടൽ നടത്തിയാണ് മാർക്കറ്റിലെ വില പിടിച്ചുനിർത്തുന്നതെന്ന് പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ. പെരിക്കല്ലൂരിൽ ആരംഭിച്ച സപ്ലൈകോ മാവേലി സൂപ്പർ സ്റ്റോർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
വിൽപ്പന കൂടുംതോറും നഷ്ടംകൂടുന്ന ഏകസ്ഥാപനം സപ്ലൈകോയാണ്. പൊതുവിപണിയിലെക്കാൾ കുറഞ്ഞനിരക്കിൽ സാധനങ്ങൾ സബ്‌സിഡി നൽകി വിൽക്കുന്നതിലൂടെ സർക്കാരിന് കോടികളുടെ സാമ്പത്തികബാധ്യതയുണ്ട്. പൊതുവിതരണ സംവിധാനം നൂറുശതമാനം ജനങ്ങൾക്കും ഗുണകരമാകുന്നവിധത്തിൽ രാജ്യത്തെ മറ്റൊരുസർക്കാരും ഇങ്ങനെ ചെയ്യുന്നുണ്ടാവില്ല.
മാവേലിസ്റ്റോറുകൾ ആരംഭിക്കുന്നകാലത്ത് നിയോജകമണ്ഡലത്തിൽ ഒരു സ്റ്റോർ എന്നാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, കാലങ്ങൾക്കിപ്പുറം അത് വളർന്നുവികസിച്ച് ഓരോ തദ്ദേശസ്ഥാപനങ്ങളിലും രണ്ടോ അതിൽക്കൂടുതലോ ആയി. സാമ്പത്തിക പ്രതിസന്ധികളേറെയുണ്ടായിട്ടും ഈ സർക്കാരിന്റെകാലത്ത് ഒരു സ്റ്റോറുപോലും പൂട്ടിയിട്ടില്ലെന്നുമാത്രമല്ല, ഒട്ടേറെ പുതിയസ്റ്റോറുകൾ ആരംഭിക്കാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാവേലി സൂപ്പർ സ്റ്റോറിലെ ആദ്യവിൽപ്പന ഗ്രാമപ്പഞ്ചായത്തംഗം ജോസ് നെല്ലേടത്തിന് ഉത്പന്നങ്ങൾ നൽകിക്കൊണ്ട് മന്ത്രി ഒ.ആർ. കേളു നിർവഹിച്ചു. വേനൽക്കാലമാണ് വരുന്നതെന്നും വരൾച്ചാമേഖലയായ മുള്ളൻകൊല്ലി മേഖലയിൽ കുടിവെള്ളത്തിന്റെ കാര്യത്തിൽ കരുതലോടെ സമീപിക്കണമെന്നും ഒ.ആർ. കേളു പറഞ്ഞു. കടമാൻതോട് പദ്ധതിയുടെ കാര്യത്തിൽ ഒരു തീരുമാനത്തിലെത്തിയില്ലെങ്കിൽ കാര്യങ്ങൾ കുഴപ്പത്തിലാകുമെന്നും ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. അധ്യക്ഷതവഹിച്ചു. മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ, വൈസ് പ്രസിഡന്റ് മോളി സജി, ഫാ. ജോർജ് കപ്പുകാലായിൽ, പി.എസ്. കലേഷ്, സുധ നടരാജൻ, എ.എൻ. സുശീല, മേഴ്‌സി ബെന്നി, ഷിനു കച്ചിറയിൽ, ജിസ്‌റ മുനീർ തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group