വടകര : റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയ നടത്തിപ്പ് കരാറെടുത്ത കമ്പനി പാർക്കിങ് ഫീസ് പിരിവ് നിർത്തി പിൻവാങ്ങി. ഫീസ് കുത്തനെ കൂട്ടിയിട്ടും വലിയനഷ്ടം നേരിട്ട സാഹചര്യത്തിലാണ് പിന്മാറ്റം. കരാർ നിലവിൽവന്ന് മൂന്നുമാസം തികഞ്ഞ ബുധനാഴ്ച രാത്രിയോടെ ഇവർ ഫീസ് പിരിവ് നിർത്തി.
വ്യാഴാഴ്ച ഫീസ് വാങ്ങാൻ ഇവിടെ ആരുമുണ്ടായിരുന്നില്ല. ഇതോടെ സൗജന്യമായാണ് യാത്രക്കാർ ഇരുചക്രവാഹനങ്ങളും കാറും പാർക്കുചെയ്തത്. റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയ അമൃത് ഭാരത് പദ്ധതിപ്രകാരം റെയിൽവേ വിപുലീകരിച്ചിരുന്നു. 8482 ചതുരശ്രമീറ്റർ സ്ഥലം പാർക്കിങ്ങിന് സജ്ജമായതോടെ നടത്തിപ്പ് ടെൻഡർചെയ്തു. അശ്വതി എന്റർപ്രൈസസ് എന്ന സ്ഥാപനം 1.17 കോടി രൂപയ്ക്കാണ് ഒരുവർഷത്തെ കരാർ നേടിയത്.
വടകര റെയിൽവേ സ്റ്റേഷന്റെ ചരിത്രത്തിലെ ഉയർന്ന തുകയായിരുന്നു ഇത്. സെപ്റ്റംബർ 19-ന് ഇതുപ്രകാരം പുതിയ പാർക്കിങ് ഫീസ് നിരക്ക് നിലവിൽവരുകയും ഇവർ ഫീസ് പിരിക്കുകയും ചെയ്തു. നേരത്തേയുള്ളതിന്റെ ഇരട്ടിയോളമായിരുന്നു ഫീസ്.
12 മണിക്കൂർ സമയം ഇരുചക്രവാഹനം പാർക്കുചെയ്യുന്നതിനുള്ള ഫീസ് 12 രൂപയിൽനിന്ന് 20 രൂപയാക്കി. ഓട്ടോ, കാർ പാർക്കിങ് ഫീസ് 45-ൽനിന്ന് 60 രൂപയാക്കി. ഒരുമാസത്തേക്കുള്ള പാസിന്റെ നിരക്ക് 250 രൂപയായിരുന്നത് 500 ആക്കിയും ഉയർത്തി. ടിക്കറ്റ് ബുക്കുചെയ്യാൻ വരുന്നവരും പാർക്കിങ് ഫീസ് കൊടുക്കേണ്ട സ്ഥിതിയായി. ഫീസ് വർധനയിൽ വലിയ പ്രതിഷേധമുയർന്നെങ്കിലും ഇതൊന്നും റെയിൽവേ ചെവിക്കൊണ്ടില്ല.
ഇത്രയും തുക കൂട്ടിയിട്ടും നടത്തിപ്പ് ലാഭത്തിലാക്കാൻ സാധിക്കാത്തതുമൂലമാണ് കരാറുകാരുടെ പിന്മാറ്റമെന്നാണ് സൂചന. പാർക്കിങ് ഫീസിലെ വർധനയും മറ്റുംമൂലം റെയിൽവേ സ്റ്റേഷന്റെ പുറത്ത് ഇരുചക്രവാഹനങ്ങളും മറ്റും പാർക്കുചെയ്യുന്നത് വലിയതോതിൽ വർധിച്ചിട്ടുണ്ട്. നൂറുകണക്കിന് വണ്ടികളാണ് പഴയസ്റ്റാൻഡ് റോഡിലും കീർത്തി തിയേറ്റർ റോഡിലും റെയിൽവേ ഗേറ്റ് പരിസരത്തുമെല്ലാം നിർത്തിയിടുന്നത്. ഇതുമൂലം ഉദ്ദേശിച്ച പോലെ ഫീസ് പിരിവ് ലക്ഷ്യംകണ്ടില്ല. ദിവസം 5000 മുതൽ 10,000 രൂപവരെ നഷ്ടം നേരിട്ടിരുന്നതായാണ് വിവരം.
തുടക്കത്തിൽ കരാറെടുത്തയാൾ മറ്റൊരാൾക്ക് പാർക്കിങ് നടത്തിപ്പ് ഉപകരാർ നൽകിയിരുന്നു. ഇദ്ദേഹം പെട്ടെന്നുതന്നെ പിന്മാറി. പിന്നീട് കരാർക്കമ്പനിതന്നെ ഫീസ് പിരിച്ചു. മൂന്നുമാസത്തെ പണമാണ് കരാറുകാരൻ റെയിൽവേക്ക് മുൻകൂറായി അടച്ചത്. ഇത് പൂർത്തിയായ സാഹചര്യത്തിലാണ് പിന്മാറ്റം.
ഇനി പാർക്കിങ് ഏരിയ നടത്തിപ്പ് റെയിൽവേ വീണ്ടും ടെൻഡർ ചെയ്യണം. അതുവരെ സൗജന്യമായി പാർക്കുചെയ്യുന്നത് തുടരുമെന്നാണ് സൂചന. റെയിൽവേ ബദൽസംവിധാനമൊന്നും നിലവിൽ ഏർപ്പെടുത്തിയിട്ടില്ല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group