തൃശ്ശൂർ: 22 രൂപയാണ് തപാൽ സർവീസ് വഴി രജിസ്ട്രേഡ് പോസ്റ്റ് അയയ്ക്കാനുള്ള തുക. 44 രൂപ സ്പീഡ് പോസ്റ്റിനും. വേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്തുക എന്ന ഉദ്ദേശ്യമാണ് സ്പീഡ് പോസ്റ്റ് തിരഞ്ഞെടുക്കുന്നതിന് പിറകിൽ. എന്നാൽ രജിസ്ട്രേഡ്, സ്പീഡ് പോസ്റ്റ് തപാലുകൾ ഒരേവേഗത്തിലേ മേൽവിലാസക്കാരന് ലഭിക്കൂ എന്ന സ്ഥിതിയാണ് സംസ്ഥാനത്തിപ്പോൾ. എട്ട് ആർ.എം.എസ്. (റെയിൽവേ മെയിൽ സർവീസ്) ഓഫീസുകൾ അടച്ചുപൂട്ടിയത് സംസ്ഥാനത്തെ തപാൽ നീക്കത്തെ സാരമായി ബാധിച്ചുതുടങ്ങി. ഇത് തപാൽ വകുപ്പിന്റെ പ്രസക്തി തന്നെ നഷ്ടപ്പെടുത്തുമെന്ന് ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു.
സംസ്ഥാനത്ത് ആകെയുള്ള 21 ആർ.എം.എസ്. ഓഫീസുകളിൽ എട്ടെണ്ണത്തിന് പൂട്ടുവീണു കഴിഞ്ഞു. ഒരു ജില്ലയിൽ ഒന്നുമതിയെന്ന തീരുമാനത്തിലാണ് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം എട്ടെണ്ണം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. തലശ്ശേരി, വടകര, ഒറ്റപ്പാലം, ഷൊർണൂർ, ഇരിങ്ങാലക്കുട, ആലുവ, ചങ്ങനാശ്ശേരി, കായംകുളം എന്നി ആർ.എം.എസ്സുകളാണ് നിർത്തലാക്കിയത്.
ഇവ ജില്ലാ ഓഫീസുകളിൽ ലയിപ്പിച്ചതോടെയാണ് തപാൽ ഉരുപ്പടികളുടെ വിതരണത്തിന് കാലതാമസം നേരിടുന്നത്. ഇരിങ്ങാലക്കുട ആർ.എം.എസ്. പൂട്ടിയതോടെ തപാൽ ഉരുപ്പടികൾ റോഡുമാർഗം തൃശ്ശൂരിലെത്തിച്ചാണ് സോർട്ടിങ് ഉൾപ്പെടെയുള്ള നടപടികൾ ആരംഭിക്കുന്നത്. ഉരുപ്പടികൾ ശേഖരിക്കുന്നതിനും ജില്ലാ ഓഫീസുകളിലെത്തിക്കുന്നതിനും കാലതാമസമുണ്ടാകുന്നു. കത്തയയ്ക്കൽ ചുരുങ്ങിയെങ്കിലും നിയമന ഉത്തരവുകൾ, ചോദ്യപ്പേപ്പറുകൾ, ബാങ്ക് നോട്ടീസുകൾ തുടങ്ങിയ ഔദ്യോഗിക രേഖകൾ പലതും വിതരണം ചെയ്യാൻ തപാൽ സർവീസ് തന്നെയാണ് ആശ്രയം.
പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം, ഷൊർണൂർ എന്നീ രണ്ട് ആർ.എം.എസുകളാണ് പൂട്ടിയത്. ഇതിൽ ഷൊർണൂർ സംസ്ഥാനത്തെ ഏറ്റവും വലിയ ഓഫീസുകളിലൊന്നാണ്. ആലുവയിലേത് ഏറ്റവുമധികം തപാലുകൾ കൈകാര്യം ചെയ്യുന്ന കേന്ദ്രമായിരുന്നു. മൂന്ന് ഹെഡ്പോസ്റ്റ് ഓഫീസുകളിൽനിന്നുള്ള തപാൽ ഉരുപ്പടികൾ ഇവിടെയെത്തിയിരുന്നു. ട്രെയിൻ വഴി തപാലുകൾ കൈമാറുമ്പോഴുള്ള സമയലാഭം തന്നെയാണ് ആർ.എം.എസ്. ഓഫീസുകളുടെ പ്രസക്തിയേറ്റുന്നത്.
താത്‌കാലിക ജീവനക്കാർക്ക് തിരിച്ചടി
എട്ട് ആർ.എം.എസ്. ഓഫീസുകൾ പൂട്ടിയതോടെ താത്‌കാലിക ജീവനക്കാരുടെ ജോലി നഷ്ടപ്പെടും. സ്ഥിരം ജീവനക്കാർക്ക് സമീപത്തെ ഓഫീസുകളിലേക്ക് മാറേണ്ടിവരും. ആലുവയിൽ 58 സ്ഥിരം ജീവനക്കാരും 15 താത്‌കാലിക ജീവനക്കാരുമാണുള്ളത്. സ്ഥിരം ജീവനക്കാർ എറണാകുളം ആർ.എം.എസിലേക്ക് പോകേണ്ടി വരും. ഇരിങ്ങാലക്കുടയിൽ 37 സ്ഥിരം ജീവനക്കാരും 10 താത്‌കാലികക്കാരുമുണ്ട്. സ്ഥിരം ജീവനക്കാരെ തൃശ്ശൂരിലേക്ക് മാറ്റി. താത്‌കാലികക്കാർക്ക് ജോലി നഷ്ടപ്പെട്ടു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group