കോട്ടയം : പ്രദേശത്ത് പതിവില്ലാതെ പോലീസിനെയും അഗ്നിരക്ഷാസേനാംഗങ്ങളെയും റബർ ഡിങ്കി ബോട്ടുകളും കണ്ട് കാര്യമറിയാതെ ആകാംക്ഷയോടെ കുമരകം കവണാറ്റിൻകരയിലെ നാട്ടുകാർ. പലരും അന്യോന്യം കാര്യമന്വേഷിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും ദേശീയ ദുരന്തനിവാരണ സേനയുടെയും മോക്ഡ്രിലാണ് നടക്കുന്നതെന്നറിഞ്ഞപ്പോൾ ആകാംക്ഷ കൗതുകമായി. നാട്ടുകാരും ഹൗസ്‌ബോട്ട് തൊഴിലാളികളും വിദേശികളുമടക്കം നിരവധിപേർ മോക്ഡ്രിൽ കാണാനെത്തി.
വെള്ളപ്പൊക്ക, പ്രളയ സാഹചര്യങ്ങളിൽ ഒറ്റപ്പെട്ടുപോകുന്നവരെയും വെള്ളത്തിൽ വീണുപോകുന്നവരെയും രക്ഷപ്പെടുത്താനും ചികിത്സ ലഭ്യമാക്കാനും സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റാനും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും വകുപ്പുകളും ദേശീയ ദുരന്തനിവാരണ സേനയും (എൻ.ഡി.ആർ.എഫ്.) നടത്തുന്ന ദ്രുതനടപടികളാണ് മോക്ഡ്രില്ലിലൂടെ നാട്ടുകാരെ പരിചയപ്പെടുത്തിയത്.
‘വെള്ളപ്പൊക്ക’ത്തിൽ അയ്മനം പഞ്ചായത്തിലെ 30 പേർ കുമരകം കവണാറ്റിൻകര പാലത്തിനുസമീപം ഒറ്റപ്പെട്ടെന്ന് കോട്ടയം തഹസിൽദാരായ എസ്.എൻ.അനിൽകുമാറിന് രാവിലെ 10-ന് വിവരം ലഭിച്ചു. ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ ജോൺ വി.സാമുവലിന്റെ നേതൃത്വത്തിൽ പോലീസ്, അഗ്നിരക്ഷാസേന അടക്കമുള്ള വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകുന്നു. പോലീസും അഗ്നിരക്ഷാസേനയും മോട്ടോർവാഹനം, റവന്യൂ, ആരോഗ്യം, തദ്ദേശസ്വയംഭരണ വകുപ്പുകളും ജനപ്രതിനിധികളുമടക്കം സംഭവസ്ഥലത്തെത്തി. ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ കവണാറ്റിൻകരയിലെത്തുന്നു.
റബർ ഡിങ്കി ബോട്ടുകളും രക്ഷാഉപകരണങ്ങളുമായി സേന വെള്ളപ്പൊക്കത്തിൽ കുടുങ്ങിയവരെ രക്ഷിച്ച് കരയിലെത്തിക്കുന്നതോടെ മോക്ഡ്രിൽ അവസാനിച്ചു.
ദേശീയ ദുരന്തനിവാരണ സേനയുടെ (എൻ.ഡി.ആർ.എഫ്.) ചെന്നൈ ആരക്കോണത്തെ നാലാം ബെറ്റാലിയനിലെ 26 സേനാംഗങ്ങളാണ് മോക്ഡ്രില്ലിൽ പങ്കെടുത്തത്. അസി.കമാൻഡന്റ് ഡോ. ബി.എസ്.ഗോവിന്ദ്, ഇൻസ്പെക്ടർ കപിൽ എന്നിവർ നേതൃത്വം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group