അമ്പലപ്പുഴ : മൊബൈൽ ഫോൺ നന്നാക്കൽ ജോലിയിലേക്ക് ഇനി വനിതകളും. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ സ്വയംതൊഴിൽ പരിശീലനപരിപാടിയായ ഉന്നതിയുടെ ഭാഗമായി 18-നും 45-നുമിടയിൽ പ്രായമുള്ള 24 വനിതകളാണ് വ്യാഴാഴ്ച പരിശീലനം പൂർത്തിയാക്കുന്നത്.
തൊഴിലുറപ്പുപദ്ധതിയും ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രവും ചേർന്നാണ് ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ പരിശീലനം നൽകുന്നത്. അൻസാരി, ആനന്ദ് എന്നിവർ ഇവരെ പഠിപ്പിക്കും. ഒരുമാസത്തെ പരിശീലനം പൂർത്തിയാക്കുമ്പോൾ സർട്ടിഫിക്കറ്റുണ്ട്.
ബ്ലോക്കു പഞ്ചായത്തിനു കീഴിലുള്ള അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര വടക്ക് എന്നീ ഗ്രാമപ്പഞ്ചായത്തുകളിലെ തൊഴിലുറപ്പുപദ്ധതിയിൽ 100 ദിനങ്ങൾ പൂർത്തിയാക്കിയ വനിതകളെയാണ് തിരഞ്ഞെടുത്തത്. പരിശീലനക്കാലയളവിൽ തൊഴിലുറപ്പുവേതനമായ 346 രൂപയും ഭക്ഷണത്തിനായുള്ള 100 രൂപയുമുൾപ്പെടെ ദിവസേന 446 രൂപ നൽകുന്നുണ്ട്.
കേരളത്തിൽ ഇതാദ്യമായാണ് വനിതകൾക്കായി സർക്കാർ ഇത്തരമൊരു പരിശീലനം നൽകുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ്, ബി.ഡി.ഒ. സി.എച്ച്. ഹമീദുകുട്ടി ആശാൻ, ജോയിന്റ് ബി.ഡി.ഒ. ഗോപൻ എന്നിവർ പറഞ്ഞു. വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ, സീനിയർ എക്സ്റ്റൻഷൻ ഓഫീസർ ആർ. വിപിൻബാബു, ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നൽകിവരുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group