കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നും തങ്ങൾക്ക് ഇഷ്ടദാനം കിട്ടിയ ഭൂമിയാണെന്നും ആയതിനാൽ ഭൂമി വിൽക്കാൻ തങ്ങൾക്ക് അവകശമുണ്ടെന്നും ഫാറൂഖ് കോളേജ്. മുനമ്പം ഭൂമി തർക്ക വിഷയത്തിൽ ജുഡീഷ്യൽ കമ്മിഷൻ ഹിയറിങ് അടുത്ത മാസം ആരംഭിക്കാനിരിക്കെയാണ് കമ്മിഷന് മുമ്പാകെ ഫാറൂഖ് കോളേജ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം മുനമ്പത്തെ ജനങ്ങളും തങ്ങളുടെ നിലപാട് കമ്മിഷനെ അറിയിച്ചിട്ടുണ്ട്.
മുനമ്പത്തേത് വഖഫ് ഭൂമിയല്ല. ഫാറൂഖ് കോളേജിന് ഇഷ്ടദാനമായി കിട്ടിയതാണ്. ആയതിനാൽ അത് ക്രയവിക്രയം നടത്തുന്നതിനുള്ള പൂർണ അധികാരം തങ്ങൾക്കുണ്ടെന്നും ഫാറൂഖ് കോളേജ് വ്യക്തമാക്കി. മുനമ്പത്തെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിയമിച്ച ജുഡീഷ്യൽ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർക്ക് മുമ്പാകെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം തന്നെ മുനമ്പം ഭൂസംരക്ഷണ സമിതി ഭാരവാഹികൾ തങ്ങളുടെ പക്കലുള്ള ഭൂരേഖകൾ കമ്മിഷന് മുമ്പാകെ കൈമാറിയിരുന്നു.
മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്നാണ് വഖഫ് ബോർഡിന്റെ നിലപാട്. ഇക്കാര്യം കമ്മിഷനെ അറിയിക്കേണ്ടതുണ്ട്. വഖഫ് ബോർഡിനെ കൂടാതെ സർക്കാരും ഈ വിഷയത്തിൽ അവരുടെ നിലപാട് കമ്മിഷനെ അറിയിക്കേണ്ടതുണ്ട്. ഇവരുടെ നിലപാട് കൂടി വ്യക്തമായാൽ അടുത്ത മാസം ആദ്യം തന്നെ ഹിയറിങ് ആരംഭിക്കാനാണ് കമ്മിഷന്റെ തീരുമാനം.
മുനമ്പം ജുഡീഷ്യൽ കമ്മിഷന് മൂന്ന് മാസത്തെ കാലാവധിയാണ് സർക്കാർ നൽകിയിട്ടുള്ളത്. ഈ കാലയളവിനുള്ളിൽ തന്നെ ഹിയറിങ് പൂർണമാക്കി റിപ്പോർട്ട് സർക്കാരിന് കൈമാറാനാണ് കമ്മിഷന്റെ നീക്കം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group