കണ്ണൂർ : ദേശീയ ആരോഗ്യദൗത്യം ജീവനക്കാർ ബുധനാഴ്ച സൂചനാ പണിമുടക്ക് നടത്തി. ഇതേത്തുടർന്ന് ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളിലെ പല സേവനങ്ങൾക്കും തടസ്സം നേരിട്ടു. പുതുക്കിയ ശമ്പളക്കുടിശ്ശിക ഉടൻ നൽകുക, പ്രസവാവധിയുടെ സാങ്കേതിക പ്രശ്നങ്ങൾ തീർപ്പാക്കുക, ദിവസവേതനക്കാരെ കരാർ ജീവനക്കാരാക്കുക, ശമ്പളം അതത് മാസം അഞ്ചിനു മുൻപായി നൽകുക, മുഴുവൻ ജീവനക്കാർക്കും ഇ.പി.എഫ്., ഇ.എസ്.ഐ. ആനുകൂല്യങ്ങൾ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്കിയത്.
16-ന് സ്റ്റേറ്റ് ഫെഡറേഷൻ ഭാരവാഹികളുമായി മിഷൻ ഡയറക്ടർ നടത്തിയ ചർച്ചയിൽ അനുകൂല തീരുമാനങ്ങളുണ്ടാകാത്ത സാഹചര്യത്തിലായിരുന്നു സമരം. ആധുനികവൈദ്യം, ആയുർവേദം, ഹോമിയോ എന്നിവയിലെ ഡോക്ടർമാർ, ഫാർമസിസ്റ്റുമാർ, ലാബ് ടെക്‌നീഷ്യൻമാർ, നഴ്‌സുമാർ, ഓഫീസ് ജീവനക്കാർ, ഡ്രൈവർ, ഫിസിയോതെറാപ്പിസ്റ്റ്, ഫീൽഡ് വിഭാഗം ജീവനക്കാർ തുടങ്ങിയവരാണ് പണിമുടക്കിയത്. ജില്ലയിലെ നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിച്ചില്ല. എൻ.എച്ച്.എം. ജില്ലാ ഓഫീസിനുമുന്നിൽ നടത്തിയ ധർണ സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കെ.അശോകൻ ഉദ്ഘാടനം ചെയ്തു.
എൻ.എച്ച്.എം. എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയംഗം എ.കെ.സനോജ് അധ്യക്ഷത വഹിച്ചു. എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറി എൻ.സുരേന്ദ്രൻ, എൻ.എച്ച്.എം. എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി ആർ.നിതിൻ, ഡോ. പ്രിയ ബാലൻ, ഡോ. പി.വി.പ്രദീപൻ, കെ.ആർ.രാഹുൽ, എ.എൻ.റോഷിൻ, ജാക്സൺ ഏഴിമല, ഡോ. സജീന്ദ്രൻ എന്നിവർ സംസാരിച്ചു. മിഷൻ ഡയറക്ടേറ്റിൽനിന്ന് അനുകൂല നടപടിയുണ്ടായില്ലെങ്കിൽ ഭാവി സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് യൂണിയൻ ജില്ലാ സെക്രട്ടറി അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group