പൊന്നാനി : തുറമുഖ മണലെടുപ്പിന്റെ മറവിൽ ഭാരതപ്പുഴയിൽനിന്ന് മണൽക്കടത്ത്. തുറമുഖത്തുനിന്നുള്ള മണൽവാരുന്നതിന് ദൂരപരിധി നിശ്ചയിച്ച് അടയാളം സ്ഥാപിക്കണമെന്ന റവന്യൂവകുപ്പിന്റെ ആവശ്യം അംഗീകരിക്കാതെയാണ് ഭാരതപ്പുഴയിൽനിന്ന് യഥേഷ്ടം മണലെടുക്കുന്നത്.
ഭാരതപ്പുഴയിലെ മണലെടുപ്പ് കർമറോഡിലെ പുഴയോരഭിത്തിക്ക് ഭീഷണിയാണെന്ന് നാട്ടുകാർ പറയുന്നു. ഭാരതപ്പുഴയിലെ ഈശ്വരമംഗലം ഭാഗത്തുനിന്നുവരെ മണലെടുക്കുന്നുണ്ട്.
ഭാരതപ്പുഴയിൽനിന്ന് വാരുന്ന മണൽ കുറ്റിപ്പുറത്തെ കിൻഫ്ര പാർക്കിലെ പ്ലാന്റിലെത്തിച്ച് വിൽപ്പന നടത്തുകയാണ്. ഭാരതപ്പുഴയിൽനിന്ന് മണൽവാരരുതെന്ന് നാട്ടുകാർ തൊഴിലാളികളോട് ആവശ്യപ്പെട്ടിട്ട് ആരും ചെവിക്കൊള്ളുന്നില്ല.
തുറമുഖത്തിന്റെ സമീപത്തുനിന്ന് മാത്രമേ മണലെടുക്കുവാൻ പാടുള്ളൂവെന്ന നിയമം നിലനിൽക്കെയാണ് അത് ലംഘിച്ചുള്ള മണലെടുപ്പ്.
മണലെടുപ്പിനുള്ള അതിർത്തി നിർണയിച്ച് കൊടി സ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതിയോഗത്തിലും വില്ലേജ് ജനകീയസമിതി യോഗത്തിലും ആവശ്യമുയർന്നിരുന്നു. ഭാരതപ്പുഴയിൽനിന്നുള്ള മണൽവാരൽ തടയാൻ അതിർത്തിയിൽ കൊടിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പോർട്ട് അധികൃതർക്കും തഹസിൽദാർക്കും ഈഴുവത്തിരുത്തി വില്ലേജ് ജനകീയസമിതി കത്തുനൽകിയിരുന്നു.
തുറമുഖവകുപ്പിന്റെ മണലെടുപ്പിന് ദൂരപരിധി നിശ്ചയിക്കണമെന്ന് തഹസിൽദാർ പലതവണ പോർട്ട് അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. അഴിമുഖത്തുനിന്ന് ഉപ്പുവെള്ളം കയറുന്ന പ്രദേശമായതിനാൽ മണലെടുപ്പ് ഭീഷണിയാണ്. രാവിലെമുതൽ തോണികളുമായെത്തി തൊഴിലാളികൾ മണൽവാരൽ ആരംഭിക്കും.
അനധികൃത മണലെടുപ്പ് വേനൽക്കാലത്ത് പുഴയോരഭാഗത്തെ കിണറുകളിൽ ഉപ്പുവെള്ളം കയറാനും ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധനം തടസ്സപ്പെടാനും കാരണമാകും. കരയോടു ചേർന്നുള്ള മണലെടുപ്പ് പുഴയോരപാതയായ കർമ റോഡിനും ഭീഷണിയായി മാറിയിരിക്കുകയാണ്. മണലെടുപ്പുകാരണം തകർന്ന പുഴയോരഭിത്തി തുറമുഖ വകുപ്പും പൊന്നാനി നഗരസഭയുംചേർന്ന് പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group