പൊതുകിണർ നന്നാക്കാനും മോടികൂട്ടാനും പണം സ്വരുക്കൂട്ടി കാഞ്ഞങ്ങാട്ടെ ഹരിതകർമസേന
കാഞ്ഞങ്ങാട് : വീടുകളിലും സ്ഥാപനങ്ങളിലുംനിന്ന് അജൈവമാലിന്യം ശേഖരിച്ച് വേർതിരിക്കുന്ന ഹരിതകർമസേനയുടെ പേര് കാഞ്ഞങ്ങാട്ടെ പൊതുകിണറിനുമേൽ വലിയ അക്ഷരത്തിൽ എഴുതിവെക്കും. പുതിയകോട്ടയിൽ ആരെയും ആകർഷിക്കുന്ന രീതിയിൽ പുതുക്കിപ്പണിയുന്ന കിണറിലെ വെള്ളത്തിന് ഈ സേനയിലെ 101 പേരുടെ സ്നേഹത്തിന്റെ രുചികൂടി ഇനിയുണ്ടാകും. ഇവർ സ്വരുക്കൂട്ടിയ ഒന്നരലക്ഷം രൂപ കൊണ്ടാണ് കിണർ വൃത്തിയാക്കുന്നതും മോടികൂട്ടുന്നതും.
വർഷങ്ങളായി ഉപയോഗശൂന്യമായ പൊതുകിണറാണിത്. മാലിന്യമുക്ത കേരളം ജനകീയ പ്രചാരണത്തിൽ ‘കമനീയം കാഞ്ഞങ്ങാട്’ എന്ന സന്ദേശമുയർത്തി നഗരസഭ വിവിധങ്ങളായ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായാണ് കിണർ വൃത്തിയാക്കിയത്. ഹരിതകർമസേനയുടെ നിർവാഹകസമിതി യോഗത്തിൽ കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി. സുജാത മാലിന്യമുക്ത പ്രചാരണത്തെക്കുറിച്ച് പറഞ്ഞപ്പോൾ, പുതിയ കോട്ടയിലെ കിണർ വൃത്തിയാക്കുന്നതിനുള്ള പണം തരാമെന്ന് യോഗത്തിലെത്തിയ സേനാംഗങ്ങൾ അറിയിക്കുകയായിരുന്നു. കിട്ടുന്ന കൂലിയിൽനിന്ന് ചെറിയൊരു തുക മാറ്റിവെച്ച് അതതു സമയം പണിക്കാർക്ക് കൊടുക്കുകയാണെന്ന് ഹരിതകർമസേന പ്രസിഡന്റ് ബി. ഗീതാകുമാരിയും സെക്രട്ടറി ഡി.എം. പ്രസീനയും പറഞ്ഞു. ‘ഉപയോഗിച്ച പ്ലാസ്റ്റിക്ക് പെറുക്കുന്നവരാണ് ഞങ്ങൾ. മാലിന്യത്തിനിടയിലാണ് പകൽ മുഴുവനും. ഈ കിണറിന്റെ ചുറ്റിലും ഹരിതകർമസേന എന്നെഴുതിവെക്കുമ്പോൾ, അതിൽ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല’- ചെമ്മട്ടംവയലിലെ മാലിന്യ സംസ്കരണ യൂണിറ്റിൽ പണിയെടുക്കുന്നതിനിടെ ഇവർ പറഞ്ഞു.
ഒന്നരമാസമായി കിണറിന്റെ പണി നടക്കുന്നു. പൂക്കൂട മാതൃകയിൽ നിർമിക്കുന്ന ആൾമറ മോടിപിടിപ്പിക്കുന്ന ജോലിയേ ഇനി ബാക്കിയുള്ളൂ. അതുകൂടി കഴിഞ്ഞാൽ കപ്പിയും കയറുമിട്ട് വെള്ളമെടുക്കാനുള്ള സൗകര്യവുമൊരുക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group