അഴീക്കോട് : വർഷങ്ങളായി അനാഥാവസ്ഥയിലായ അഴീക്കോട് വൻകുളത്തുവയലിലെ പി.വി.രവീന്ദ്രൻ സ്മാരക മിനി സ്റ്റേഡിയത്തിന് പുനർജനി. നവീകരണം കഴിഞ്ഞദിവസം ആരംഭിച്ചു. സാമൂഹിക-ആധ്യാത്മികരംഗങ്ങളിൽ മികവുറ്റ പ്രവർത്തനം നടത്തിയിരുന്ന പി.വി.രവീന്ദ്രന്റെ സ്മാരകമായിട്ടാണ് സ്റ്റേഡിയം വിഭാവനം ചെയ്തത്.
മൂത്രപ്പുരയും കക്കൂസും പ്രവർത്തനരഹിതമായ ഇ-ടോയ്‌ലറ്റും കാർപാർക്കിങ്ങും റിങ് കംപോസ്റ്റും ഓപ്പൺ എയർ സ്റ്റേജുമെല്ലാം നിർമിച്ചെങ്കിലും ഇവയെല്ലാം അശാസ്ത്രീയമായാണ് പണിതതെന്ന് പരാതിയുയർന്നിരുന്നു. എം.പി., എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് നിർമിച്ചതാണെങ്കിലും ഇവയിൽ പലതും ഉപയോഗത്തിന് കൊള്ളുന്നതല്ല. സ്റ്റേഡിയത്തിനകത്ത് മാലിന്യം നിറഞ്ഞനിലയിലുമായിരുന്നു.
ചുറ്റുമതിൽ കെട്ടുന്നു
:സ്റ്റേഡിയത്തിന്റെ ചുറ്റുമതിൽ കെട്ടിയുറപ്പാക്കുന്ന ജോലിയാണ് കഴിഞ്ഞദിവസം തുടങ്ങിയത്. തൊട്ടടുത്ത വീടുകളിലേക്ക് സ്റ്റേഡിയത്തിനുള്ളിലൂടെയാണ് ആളുകൾ നടന്നുപോകുന്നത്.
മതിൽ കെട്ടുന്നതോടെ ഉള്ളിലൂടെയുള്ള വഴിയടയും. മതിലിനുപിറകിൽ രണ്ടുമീറ്റർ വിട്ടിട്ടുണ്ട്.ഇതിലൂടെ നടന്നുപോകാനാകുമെന്ന് കരുതുന്നു. കായികവകുപ്പിൽനിന്ന് 50 ലക്ഷം രൂപ, കെ.വി.സുമേഷ് എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 50 ലക്ഷം എന്നിവ ചെലവഴിച്ചാണ് നവീകരണം നടക്കുന്നത്. നിർമാണം മൂന്നുമാസം മുൻപ് കായിക മന്ത്രി വി.അബ്ദുറഹിമാനാണ് ഉദ്ഘാടനം ചെയ്തത്. ഒരേക്കർ വിസ്തൃതിയിലുള്ള കൃഷിസ്ഥലം പി.വി.രവീന്ദ്രൻ അടക്കമുള്ള രാജേശ്വരി കുടുംബം ചെറിയ തുകയ്ക്കാണ് 1989-90 കാലത്ത് പഞ്ചായത്തിന് കൈമാറിയത്. ഹൈസ്കൂളിന് കളിസ്ഥലം 1990-91 കാലത്ത് മണ്ണിട്ട് നികത്തി തുറന്നുകൊടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group