പാലക്കാട് : ‘‘പെട്ടെന്ന് ആ സാഹചര്യത്തിൽ മറ്റൊന്നും ചിന്തിച്ചില്ല. കഴിയുന്നത് ചെയ്യാനായ സംതൃപ്തിയുണ്ട്. ജനങ്ങളെ എങ്ങനെയും സഹായിക്കുകയെന്നത് പോലീസിന്റെ കടമയല്ലേ...’’ പാലക്കാട് ടൗൺ നോർത്ത് സ്റ്റേഷനിലെ എ.എസ്.ഐ. എ. സക്കീനയുടെ വാക്കുകളാണ്. രാവിലെ വോട്ടുചെയ്യാനെത്തിയപ്പോൾ കുഴഞ്ഞുവീണ ചെല്ലയെന്ന എൺപതുകാരിയെ പോളിങ് ബൂത്തിൽനിന്ന് താങ്ങിയെടുത്ത് കൊണ്ടുപോയി വാഹനത്തിലേക്ക് കയറ്റിയത് ഈ ഉദ്യോഗസ്ഥയാണ്.
ചിറക്കാട് സ്വദേശിയായ ചെല്ല പാലക്കാട് 84-ാം നമ്പർ ബൂത്തായ ചിറക്കാട് അങ്കണവാടിയിൽ മകനോടൊപ്പമാണ് വോട്ടുചെയ്യാനെത്തിയത്. ഓട്ടോറിക്ഷയിലെത്തിയ ചെല്ലയെ സക്കീനയും വൊളന്റിയറായ അക്ഷിതയും ചേർന്നാണ് പോളിങ് ബൂത്തിലേക്കെത്താൻ സഹായിച്ചത്. വോട്ടുചെയ്തയുടൻ ശരീരം തളരുന്നതായി ചെല്ല പറഞ്ഞു. ഇതോടെ, പ്രിസൈഡിങ് ഓഫീസർ സഹായത്തിനായി പോലീസിനെ വിളിച്ചു. സക്കീന താങ്ങിയെടുത്തുകൊണ്ട് ചെല്ലയെ ഓട്ടോറിക്ഷയിലെത്തിച്ചു. പോലീസുകാരൻ ടി.ജെ. ബ്രിജിത്ത് പിന്തുണയുമായി കൂടെയുണ്ടായിരുന്നു. പിന്നീട് ചെല്ലയുടെ വീട്ടുകാർ വിളിച്ച് നന്ദിയറിയിച്ചതിലെ സന്തോഷവും സക്കീന പങ്കുവെച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group