അമ്പലപ്പുഴ : പുറക്കാട്, കരുവാറ്റ കരിനില കാർഷികമേഖലകൾക്ക് വികസനപ്രതീക്ഷയായി തോട്ടപ്പള്ളി നാലുചിറപ്പാലം നിർമാണം അവസാനഘട്ടത്തിലേക്ക്. കരുവാറ്റ ലീഡിങ് ചാനലിനു കുറുകെയുള്ള പാലത്തിന്റെ നിർമാണപ്രവൃത്തികൾ 93.5 ശതമാനവും പൂർത്തിയായി. അവശേഷിക്കുന്ന ജോലികൾ പൂർത്തിയാക്കി അടുത്തമാസം പാലം ഗതാഗതത്തിനു തുറന്നുകൊടുക്കാനാണ് ശ്രമം.
ആദ്യത്തെ എക്‌സ്ട്രാഡോസ്ഡ് കേബിൾ സ്‌റ്റേയ്ഡ് പാലം
പൊതുമരാമത്ത് വകുപ്പ് നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചു നിർമിക്കുന്ന കേരളത്തിലെ ആദ്യത്തെ എക്‌സ്ട്രാഡോസ്ഡ് കേബിൾ സ്‌റ്റേയ്ഡ് പാലമാണ് തോട്ടപ്പള്ളി നാലുചിറയിലേത്. പ്രീസ്‌ട്രെസ്ഡ് ബോക്‌സ് ഗർഡർ പാലവും കേബിൾ സ്റ്റേയ്ഡ് പാലവും ചേർന്നുള്ള നിർമാണരീതിയാണിത്.
കൂടുതൽ നീളമുള്ള സ്പാൻ ഇപ്രകാരം നിർമിക്കുന്ന പാലത്തിനുണ്ടാകും. വെള്ളത്തിൽ തൂണുകൾ നൽകാതെ 70 മീറ്റർ നീളമുള്ള ജലഗതാഗത സ്പാൻ നാലുചിറയിലുണ്ട്. ഈ നിർമാണരീതിയിലൂടെ പാലത്തിന് സവിശേഷമായ രൂപഭംഗി ലഭിച്ചിട്ടുണ്ട്. വിനോദസഞ്ചാരമേഖലയ്ക്കും ഇതൊരു മുതൽക്കൂട്ടാണ്. പൊതുമരാമത്തു വകുപ്പിലെ ബ്രിഡ്ജസ് ഡിസൈൻ യൂണിറ്റാണ് രൂപരേഖ തയ്യാറാക്കിയത്.
കിഫ്ബിയിൽ 54.96 കോടിയുടെ നിർമാണം
കിഫ്ബിയിൽപ്പെടുത്തി 54.96 കോടി രൂപ ചെലവിലാണ് പാലം നിർമിക്കുന്നത്. പാലത്തിന്റെ ആകെ നീളം 458 മീറ്ററാണ്. 70 മീറ്റർ നീളമുള്ള രണ്ടുസ്പാനും, 42 മീറ്റർ നീളമുള്ള രണ്ടുസ്പാനും, 24.5 മീറ്റർ നീളമുള്ള രണ്ടുസ്പാനും, 12 മീറ്റർ നീളമുള്ള 17 സ്പാനും, 19.8 മീറ്റർ നീളമുള്ള രണ്ടുസ്പാനുമുള്ള പാലത്തിന്റെ വീതി 11 മീറ്ററാണ്. ദേശീയപാതയിൽനിന്ന് അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയിലേക്കുള്ള ബൈപ്പാസിന്റെ ആദ്യഘട്ടമാണ് നാലുചിറപ്പാലം തുറക്കുന്നതോടെ യാഥാർഥ്യമാകുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group