കൊല്ലം : കൊല്ലം റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് കോംപ്ലക്സിന്റെ നിർമാണം അന്തിമഘട്ടത്തിൽ. ജനുവരിയോടെ നിർമാണം പൂർത്തിയാക്കി പാർക്കിങ്ങിനായി തുറന്നുകൊടുക്കാനാണ് ഉദ്ദേശിക്കുന്നത്.
സ്റ്റേഷനിലെത്തുന്ന വാഹനങ്ങൾ നിർത്തിയിടാൻ വിശാലമായ സൗകര്യമാണ് ഒരുങ്ങുന്നത്. മാസങ്ങൾക്കുള്ളിലാണ് ബഹുനിലക്കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായത്. കാറുകൾ നിർത്തിയിടാനാണ് ഇവിടെ സൗകര്യമൊരുക്കുന്നത്.
ഈസ്റ്റ് പോലീസ് സ്റ്റേഷന് എതിർവശത്ത്, റെയിൽവേ മേൽപ്പാലം തുടങ്ങുന്ന ഭാഗത്താണ് പാർക്കിങ് കോംപ്ലക്സ്. പാർക്കിങ്ങിന് ഈസ്റ്റ് സ്റ്റേഷന്റെ പരിസരത്തും സൗകര്യമൊരുക്കിയിട്ടുണ്ട്.
സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി പ്രധാന കെട്ടിടമാണ് ഇനി പൊളിക്കേണ്ടത്. ഇവിടെ പ്രവർത്തിക്കുന്ന ഓഫീസുകൾ മാറ്റാൻ താത്കാലികസംവിധാനം നിർമാണച്ചുമതലയുള്ള കരാർ കമ്പനി ഒരുക്കിയിട്ടുണ്ട്. പ്രധാന കെട്ടിടം ഭാഗികമായി പൊളിച്ചാകും നിർമാണജോലികൾ തുടങ്ങുക.
മെമു ഷെഡിനു സമീപവും നിർമാണജോലികൾ
നവീകരണപദ്ധതിയുടെ ഭാഗമായി മെമു ഷെഡിന്റെ ഭാഗത്തും നിർമാണജോലികൾ ഉടൻ ആരംഭിക്കും.
നിർമാണസാമഗ്രികൾ ശേഖരിക്കുന്നതിനായി റെയിൽവേ നടപ്പാലത്തിനു സമീപംമുതൽ കർബലവരെയുള്ള സ്ഥലം റെയിൽവേ അധികൃതർ വൃത്തിയാക്കിത്തുടങ്ങി.
കൊല്ലം കോർപ്പറേഷനും റെയിൽവേയും തമ്മിൽ അവകാശത്തർക്കത്തിലുള്ളതാണ് ഈ ഭൂമി.
ഇവിടം റെയിൽവേയുടെ വികസനത്തിനു വിട്ടുനൽകുന്നതുസംബന്ധിച്ച് കോർപ്പറേഷനും റെയിൽവേ അധികൃതരും തമ്മിൽ കളക്ടറുടെ സാന്നിധ്യത്തിൽ ചർച്ച നടന്നിരുന്നു.
ഭൂമികൈമാറ്റത്തിനുള്ള തുടർ നടപടികളും വേഗത്തിലാണ്.
വന്ദേ മെട്രോയ്ക്കുള്ള സൗകര്യങ്ങളും ഒരുക്കും
മെമു തീവണ്ടികളുടെ പരിഷ്കൃതരൂപമായ വന്ദേ മെട്രോ കൊല്ലത്തുനിന്ന് സർവീസ് തുടങ്ങാനാണ് റെയിൽവേ ആലോചിക്കുന്നത്. ഈ തീവണ്ടികളുടെ അറ്റകുറ്റപ്പണികളും വൃത്തിയാക്കലിനുമുള്ള സൗകര്യങ്ങൾ കൊല്ലത്താണ് ഒരുക്കുക.
മെമു ഷെഡിനു സമീപംമുതൽ ഭാരതരാജ്ഞി പള്ളിക്ക് എതിർവശംവരെയുള്ള റെയിൽവേയുടെ സ്ഥലം ഇതിനായി ഉപയോഗപ്പെടുത്താനാണ് ആലോചന.
വന്ദേ മെട്രോ കൂടി എത്തുകയും ചെയ്യുന്നതോടെ സംസ്ഥാനത്തെതന്നെ ഏറ്റവും പ്രധാന റെയിൽവേ സ്റ്റേഷനായി കൊല്ലം മാറും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group