കല്പറ്റ : ഉരുൾപൊട്ടലിൽ വയനാട്ടിലെ ഒരുനാട് മുഴുവൻ ഒലിച്ചുപോയെന്ന് പറയുന്നത് ശരിയല്ലെന്ന ബി.ജെ.പി. നേതാവ് വി. മുരളീധരന്റെ പ്രസ്താവനയിൽ പ്രതിഷേധം ശക്തം. മുരളീധരൻ ദുരന്തബാധിതരെ അപമാനിച്ചെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ മുരളീധരന്റെ കോലംകത്തിച്ചു. മേപ്പാടിയിൽ യു.ഡി.എഫ്. പ്രവർത്തകർ റോഡ് ഉപരോധിച്ചു. കല്പറ്റയിൽ ചുങ്കം ജങ്ഷനിലാണ് കോൺഗ്രസ് പ്രവർത്തകർ മുരളീധരന്റെ കോലംകത്തിച്ചത്. അഡ്വ. ഗൗതം ഗോകുൽദാസ്, സാലി റാട്ടക്കൊല്ലി, ഡിന്റോ ജോസ്, ടിയ ജോസ്, യാസിൻ പഞ്ചാര, ബേസിൽ ജോർജ്, തനുദേവ് കൂടംപൊയിൽ എന്നിവർ നേതൃത്വംനൽകി.
മേപ്പാടിയിൽ റോഡ് ഉപരോധിച്ചു
മേപ്പാടി : മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ നടത്തിയ പ്രസ്താവനക്കെതിരേ യു.ഡി.എഫ്. പ്രതിഷേധിച്ചു. മേപ്പാടി യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈകീട്ട് മേപ്പാടിയിൽ റോഡ് ഉപരോധിച്ചു. ടി. സിദ്ദിഖ് എം.എൽ.എ., ടി. ഹംസ, ബി. സുരേഷ് ബാബു, പി.കെ. അഷറഫ്, ഒ.വി. റോയ്, ഒ. ഭാസ്കരൻ, രാജു ഹെജമാടി, വിഷ്ണു കുന്നമംഗലംവയൽ, പി. സാജിർ തുടങ്ങിയവർ നേതൃത്വംനൽകി.
ദുരന്തബാധിതരെ അവഗണിച്ച കേന്ദ്ര നിലപാട് അപലപനീയം -ആർ.ജെ.ഡി.
കല്പറ്റ : മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരെ അവഗണിച്ച കേന്ദ്ര നിലപാട് ധിക്കാരപരവും അപലപനീയവുമെന്ന് ആർ.ജെ.ഡി. ജില്ലാസെക്രട്ടറിയേറ്റ് ആരോപിച്ചു. സമാനതകളില്ലാത്ത ദുരന്തമായിട്ടും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന നിലപാടാണ് കേന്ദ്രംസ്വീകരിച്ചത്. ദുരന്തത്തിന് ഇരയായവരെ സന്ദർശിക്കുകയും വാഗ്ദാനം നൽകുകയും ചെയ്ത പ്രധാനമന്ത്രി കേരളത്തെ അപമാനിച്ചുവെന്നും സെക്രട്ടറിയേറ്റ് യോഗം ആരോപിച്ചു.
ദുരന്തബാധിതരെ സംരക്ഷിക്കണമെന്നും അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ആർ.ജെ.ഡി. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലാകേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തും. 25-ന് രാവിലെ 10-ന് കല്പറ്റ ഹെഡ് പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണയും നടത്തും.
ജില്ലാ പ്രസിഡന്റ് ഡി. രാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ഹംസ, പി.കെ. അനിൽകുമാർ, യു.എ. കാദർ, കെ.എസ്. ബാബു, കെ.കെ. വൽസല, എൻ.ഒ. ദേവസ്യ, കെ.ബി. രാജുകൃഷ്ണ, പി.എം. ഷബീറലി എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group