എടപ്പാൾ : സ്വകാര്യമേഖലയുടെ കുത്തകയായ പല മേഖലയിലും നടക്കുന്ന ചൂഷണങ്ങൾക്ക് അറുതിവരുത്താനും അത്തരം മേഖലകളിലേക്ക് സർക്കാരിന്റെ സേവനങ്ങൾകൂടി കൊണ്ടുവരുന്നതിനുമുള്ള ശ്രമമാണ് സർക്കാർ നടത്തിവരുന്നതെന്ന് കെ.ടി. ജലീൽ എം.എൽ.എ. പറഞ്ഞു. കണ്ടനകം കെ.എസ്.ആർ.ടി.സി. വർക് ഷോപ്പിനോടനുബന്ധിച്ച് ആരംഭിച്ച കെ.എസ്.ആർ.ടി.സി.യുടെ ഡ്രൈവിങ് പരിശീലനകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഡ്രൈവിങ് പരിശീലനം സ്വകാര്യമേഖലയുടെ കുത്തകയായിരുന്നു. ഇതുമൂലം വലിയ ചൂഷണമാണ് പൊതുജനം അനുഭവിച്ചുവരുന്നത്. വലിയ ഫീസടക്കമുള്ള ഭാരം ഇവർ ജനങ്ങളിൽ അടിച്ചേൽപ്പിച്ചു. ഇതവസാനിപ്പിക്കാനാണ് സ്വന്തം സംവിധാനങ്ങളുപയോഗപ്പെടുത്തി സാധാരണക്കാർക്ക് കുറഞ്ഞചെലവിൽ മികച്ച ഡ്രൈവിങ് പരിശീലനം നൽകാനുള്ള സംവിധാനത്തിന് തുടക്കമിട്ടിട്ടുള്ളത്. ആദ്യഘട്ടത്തിൽ ഭാരവാഹനങ്ങളുടെ ഡ്രൈവിങ് പരിശീലനവും പിന്നീട് മറ്റുള്ളവയുടെ പരിശീലനവും ആരംഭിക്കും.- അദ്ദേഹം പറഞ്ഞു. കാലടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ബാബു അധ്യക്ഷനായി. വർക്‌സ് മാനേജർ വി.കെ. സന്തോഷ്‌കുമാർ, ബഷീർ തുറയാറ്റിൽ, പ്രകാശൻ കാലടി, എം. ബിന്ദു എന്നിവർ പ്രസംഗിച്ചു.
പൂട്ടിയ സ്റ്റേഷൻ മാസ്റ്റർ ഓഫീസ് ഉടൻ തുറക്കും
കെ.എസ്.ആർ.ടി.സി.യോടനുബന്ധിച്ച് പ്രവർത്തിച്ചിരുന്ന സ്റ്റേഷൻ മാസ്റ്റർ ഓഫീസ് ഉടൻ തുറക്കുമെന്ന് കെ.ടി. ജലീൽ എം.എൽ.എ. പറഞ്ഞു. രണ്ടാം വട്ടവും എസ്.എം. ഓഫീസ് പൂട്ടിയതോടെ പ്രദേശങ്ങളിലെ ദീർഘദൂരയാത്രക്കാർ വലിയ പ്രയാസമാണനുഭവിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി. പെൻഷനേഴ്‌സ് ഓർഗനൈസേഷൻ നിവേദനം നൽകിയപ്പോഴാണ് അദ്ദേഹം ഈ ഉറപ്പു നൽകിയത്. ഓഫീസിന് മുന്നിലുള്ള റോഡ് പൂർണമായും തകർന്നു കിടക്കുകയാണ്. ഇവിടെ ഇന്റർലോക്ക് വിരിക്കാൻ 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഈ ജോലി കഴിഞ്ഞശേഷം ഓഫീസ് പ്രവർത്തിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group