വളാഞ്ചേരി : മുട്ടറുക്കലിനായി കാടാമ്പുഴ ഭഗവതീക്ഷേത്രത്തിൽ എത്തുന്നവരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമേകാനായി അത്യാധുനിക സൗകര്യങ്ങളൊരുക്കുകയാണ് കാടാമ്പുഴ ഭഗവതി ദേവസ്വം. ഹൈടെക് സൗകര്യങ്ങളോടു കൂടിയ നാലു ക്യൂ കോംപ്ലക്സാണ് ഒരുങ്ങുന്നത്.
മുട്ടറുക്കലിന് അവധിദിവസങ്ങളിലും വിശേഷാവസരങ്ങളിലും മണിക്കൂറുകൾ വരി നിന്നേ ശ്രീകോവിലിനുമുൻപിൽ എത്താനാവുന്നുള്ളൂ. ബെഞ്ച് ഉണ്ടെങ്കിലും തിരക്കുള്ള സമയങ്ങളിൽ അതും ആശ്വാസകരമല്ല.
ക്യൂ കേംപ്ലക്‌സ് സംവിധാനം വരുന്നതോടെ ടോക്കണനുസരിച്ചായിരിക്കും മുട്ടറുക്കാൻ എത്തേണ്ടത്. ടോക്കൺ നമ്പർപ്രകാരം വഴിപാടിനു വിളിക്കുന്ന സ്ലോട്ട് മോണിറ്ററിൽ കാണിക്കും. ആ സമയത്ത് ശ്രീകോവിലിനടുത്തേക്ക് ഭക്തർ എത്തിയാൽ മതി. മുട്ടറുക്കാനുള്ള നാളികേരവും അവിടെയുള്ള കൗണ്ടറിൽനിന്ന് ചുരുങ്ങിയ വിലയ്ക്ക് വാങ്ങാം.
13 കോടിയുടെ വികസനപ്രവർത്തനങ്ങളാണ് ക്ഷേത്രത്തിൽ നടന്നുകൊണ്ടിരിക്കുന്നതെന്ന് എക്‌സിക്യുട്ടീവ് ഓഫീസർ ടി. ബിനേഷ്‌കുമാർ പറഞ്ഞു.
നാലു നിലകളിലുള്ള ക്യൂ കോംപ്ലക്‌സിന്റെ താഴത്തെ നില ക്ഷേത്രാവശ്യത്തിനുള്ള സ്റ്റോറാണ്. ഒന്നും രണ്ടും നിലകളിലായി ആയിരം പേർക്കിരിക്കാവുന്ന ശീതീകരിച്ച വിശ്രമകേന്ദ്രം, ശൗചാലയം, ലിഫ്റ്റ്, കുടിവെള്ളം, കഫ്റ്റീരിയ, റാംപ് മുതലായ സൗകര്യങ്ങളുണ്ടാകും.
എട്ടേമുക്കാൽക്കോടി ചെലവു വരുന്ന ക്യൂ കോംപ്ലക്‌സിന്റെ നിർമാണത്തിന് മലബാർ ദേവസ്വം ബോർഡ് അംഗീകാരം നൽകിക്കഴിഞ്ഞു. സംസ്ഥാനസർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ പെടുത്തിയാണ് നിർമാണം. ക്യൂ കോംപ്ലക്‌സ് പദ്ധതിയുടെ പ്രഖ്യാപനം കാർത്തിക വിളക്കുത്സവത്തിന് തുടക്കംകുറിക്കുന്ന ഡിസംബർ ഏഴിന് വൈകീട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മന്ത്രി വി.എൻ. വാസവൻ നടത്തും.
നാലമ്പലത്തിനുചുറ്റും ദേവസ്വംറോഡിലും നടപ്പുര നിർമിക്കൽ, തുലാഭാര മണ്ഡപനിർമാണം, ക്ഷേത്രത്തിന്റെ തെക്കും പടിഞ്ഞാറും കവാട ഗോപുരങ്ങളുടെ നിർമാണം എന്നിവ നടപ്പാക്കുന്നുണ്ട്.
ഒരു ഭക്തൻ ഒരു കോടി രൂപ ചെലവഴിച്ച് നിർമിച്ചുനൽകുന്ന അലങ്കാരഗോപുരത്തിന്റെ പണി അവസാനഘട്ടത്തിലാണ്. തൃക്കാർത്തികയ്ക്കുമുൻപ് നിർമാണം പൂർത്തിയായാൽ ഭക്തർക്ക് തുറന്നുകൊടുക്കാനിടയുണ്ട്. ഔദ്യൗഗിക ഉദ്ഘാടന സമർപ്പണവും ജനുവരിയിൽ നടക്കും. നവരാത്രി മണ്ഡപത്തിന്റെ നവീകരണവും പുരോഗമിക്കുകയാണ്. 1.75 കോടി രൂപയാണ് ഇതിന്റെ ചെലവ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group