ഒറ്റപ്പാലം : ഷൊർണൂരിൽ തീവണ്ടിയിടിച്ച് നാല് കരാർ തൊഴിലാളികൾ മരിച്ച അപകടത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് കരാറുകാരനും റെയിൽവേയ്ക്കും ഒഴിഞ്ഞുമാറാനാകില്ലെന്ന് ശുചീകരണത്തൊഴിലാളികൾക്ക് വേണ്ടിയുള്ള ദേശീയ കമ്മിഷൻ (സഫായി കരംചാരീസ് കമ്മിഷൻ) അംഗം ഡോ. പി.പി. വാവ പറഞ്ഞു. അപകടം നടന്ന, ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള ഷൊർണൂരിലെ റെയിൽവേ പാലത്തിൽ പരിശോധന നടത്തിയ ശേഷമായിരുന്നു പ്രതികരണം.
ശുചീകരണത്തൊഴിലാളികളുടെ അവസ്ഥകൾ പഠിക്കുകയും അവ പരിഹരിക്കാൻ കേന്ദ്രസർക്കാരിന് ശുപാർശ സമർപ്പിക്കുകയും ചെയ്യുന്ന കമ്മിഷനാണിത്.
ശുചീകരണത്തൊഴിലാളികൾ പാലത്തിന് കുറുകെ നടക്കുന്നത് തടയാൻ റെയിൽവേയ്ക്ക് സാധിച്ചില്ല. കരാറുകാരനോ റെയിൽവേയുടെ സൂപ്പർവൈസറോ കൂടെയുണ്ടായിരുന്നെങ്കിൽ അപകടമുണ്ടാകില്ലായിരുന്നു. പാലത്തിൽ മാലിന്യമൊന്നുമുണ്ടായിരുന്നില്ല. ശുചീകരണത്തിനായി നാലുപേർക്കും പാലത്തിലേക്ക് വരേണ്ട കാര്യമില്ല. ഇവർ റോഡുമാർഗമാണ് തിരിച്ചുപോരേണ്ടിയിരുന്നതെന്ന് സൂപ്പർവൈസർക്കോ കരാറുകാരനോ നിർദേശിക്കാമായിരുന്നെന്നും കമ്മിഷൻ വിലയിരുത്തി.
തൊഴിലാളികൾക്ക് സുരക്ഷാസംവിധാനങ്ങളോ ഇൻഷുറൻസ് പരിരക്ഷയോ കരാറുകാരൻ ഏർപ്പെടുത്തിയിരുന്നില്ലെന്നും കമ്മിഷൻ കണ്ടെത്തി. തുടർന്ന്, ഡിവിഷൻ ആസ്ഥാനത്തും റെയിൽവേ അധികൃതരുമായി ചർച്ചനടത്തി. ഉടൻ കേന്ദ്രസർക്കാരിനും റെയിൽവേയ്ക്കും ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകുമെന്നും തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരത്തിന് ശുപാർശചെയ്യുമെന്നും കമ്മിഷൻ അംഗം ഡോ. പി.പി വാവ, സംസ്ഥാന നോഡൽ ഓഫീസർ അഡ്വ. ഗോപി കൊച്ചുരാമൻ എന്നിവർ പറഞ്ഞു.
ഡിവിഷണൽ റെയിൽവേ മാനേജർ അരുൺകുമാർ ചതുർവേദി, എ.ഡി.ആർ.എം. എസ്. ജയകൃഷ്ണൻ തുടങ്ങിയ റെയിൽവേ അധികൃതരും പരിശോധനയ്ക്കെത്തിയിരുന്നു. നവംബർ രണ്ടിന് ഉച്ചയ്ക്കുശേഷമാണ് ദമ്പതിമാരായ നാല് ശുചീകരണത്തൊഴിലാളികൾ തീവണ്ടിയിടിച്ച് മരിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group