തൃശ്ശൂർ : കോൺക്രീറ്റിടൽ നടക്കുന്ന ശക്തൻസ്റ്റാൻഡിൽ ട്രാക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് ജീവനക്കാർ തിങ്കളാഴ്ച ആരംഭിച്ച മിന്നൽസമരം പിൻവലിച്ചു. കളക്ടർ അർജുൻ പാണ്ഡ്യന്റെ മധ്യസ്ഥതയിൽ ചൊവ്വാഴ്ച കളക്ടറേറ്റിൽ സ്വകാര്യബസ് തൊഴിലാളി സംഘടനാ പ്രതിനിധികൾ, പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ പ്രതിനിധികൾ, പോലീസ്, ആർ.ടി.ഒ. ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ ധാരണയായത്. ഇതോടെ യാത്രക്കാർക്ക് ആശ്വാസമായി. ശക്തൻ സ്റ്റാൻഡിൽനിന്ന് കൊടുങ്ങല്ലൂർ, ചേർപ്പ് വഴി തൃപ്രയാർ, മാള, കാട്ടൂർ എന്നീ റൂട്ടുകളിൽ ഓടുന്ന ബസുകളിലെ ജീവനക്കാരാണ് പണിമുടക്കിയിരുന്നത്.
വൈകീട്ട് എ.സി.പി. സലീഷ് ശങ്കരന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ ശക്തൻ സ്റ്റാൻഡിൽ രണ്ടിടത്തായി 32 ട്രാക്കുകളിടാൻ തീരുമാനിച്ചു. ഇതോടെ എല്ലാവർക്കും സ്റ്റാൻഡിൽ ട്രാക്ക് അനുവദിച്ചു. സ്റ്റാൻഡിൽ ഒരു വശം പൊളിക്കുന്നതിനാൽ എതിർവശത്ത് രണ്ടിടത്തായാണ് 32 ട്രാക്കുകൾ അനുവദിച്ചത്.
32 ട്രാക്കുകളിൽ 11 എണ്ണം പുതുതായി അനുവദിച്ചതാണ്. ബസ്സുകൾ ശക്തൻ സ്റ്റാന്റിൽ പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനും പ്രത്യേകം രൂപരേഖ തയ്യാറാക്കുകയും ചെയ്തു.
കോൺക്രീറ്റ് പണി നടക്കുന്നതിന്റെ ഭാഗമായി ഈ റൂട്ടുകളിലെ ബസുകൾ സ്റ്റാൻഡിനു പുറത്ത് പാർക്ക് ചെയ്യാനുള്ള കോർപറേഷൻ-പോലീസ് അധികൃതരുടെ തീരുമാനമാണ് പ്രതിഷേധത്തിനിടയാക്കിയത്. ഇതിനൊപ്പം തിങ്കളാഴ്ച പെട്ടെന്ന് ഗതാഗതപരിഷ്കാരംകൂടി ഏർപ്പെടുത്തിയതിനെത്തുടർന്നാണ് തൊഴിലാളികൾ മിന്നൽപ്പണിമുടക്കിലേക്ക് കടന്നത്. ഇതുമൂലം രണ്ടുദിവസം യാത്രക്കാർ ഏറെ ബുദ്ധിമുട്ടി. സ്ഥിരംയാത്രികരായ വിവിധ സ്ഥാപനങ്ങളിലെ ജോലിക്കാരും വിദ്യാർഥികളുമാണ് ബസ് ഓടാത്തതിനെത്തുടർന്ന് കഷ്ടത്തിലായത്. ചൊവ്വാഴ്ച വൈകീട്ടോടെത്തന്നെ ഏതാനും ബസുകൾ സർവീസ് പുനരാരംഭിച്ചു. ബാക്കിയുള്ളവ നാളെ മുതൽ ഓടിത്തുടങ്ങും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group