ശാസ്താംകോട്ട : ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ച കേരളം ഇനിയും മുന്നേറുമെന്നും വിദേശവിദ്യാർഥികളെയടക്കം ആകർഷിക്കുന്ന തരത്തിൽ കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉന്നതവിദ്യാഭ്യാസമേഖല ഇപ്പോൾ മാറ്റത്തിന്റെ പാതയിലാണ്. 'നാക് എ പ്ലസ് പ്ലസ് അംഗീകാരമുള്ള കേരള സർവകലാശാലയും മഹാത്മാഗാന്ധി സർവകലാശാലയും നമുക്കുണ്ട്. ദേശീയ റാങ്കിങ്ങിൽ ഒൻപതാംസ്ഥാനവുമായി കേരളയും പത്താംസ്ഥാനത്ത് കുസാറ്റും 43-ാം സ്ഥാനത്ത് കാലിക്കറ്റ് സർവകലാശാലയുമുണ്ട്.
വിദേശ സർവകലാശാലകൾ തേടിപ്പോകുന്ന വിദ്യാർഥികൾ അവയുടെ അംഗീകാരവും നിലവാരവും സംബന്ധിച്ച് പരിശോധന നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യസമരസേനാനിയായിരുന്ന കുമ്പളത്ത് ശങ്കുപ്പിള്ള അക്കാലത്തെ അനാചാരങ്ങൾക്കും ദുഷ്‌പ്രവണതകൾക്കുമെതിരേ പോരാടി. ക്ഷേത്രപ്രവേശനവും വിദ്യാഭ്യാസവും എല്ലാവർക്കും ലഭ്യമാകാൻ ശക്തമായ നിലപാട് അദ്ദേഹം സ്വീകരിച്ചിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവൂർ കുഞ്ഞുമോൻ എം.എൽ.എ. അധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യപ്രഭാഷണം നടത്തി.
എം.എൽ.എ.മാരായ പി.സി.വിഷ്ണുനാഥ്, സി.ആർ.മഹേഷ്, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, എ.അജികുമാർ, ജി.സുന്ദരേശൻ, മുൻ എം.പി. കെ.സോമപ്രസാദ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപൻ, ശാസ്താംകോട്ട പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത, പ്രിൻസിപ്പൽ കെ.സി.പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group